Top

വഴി വെട്ടാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ 'ഭീമന്റെ വഴി'; സാധാരണ ജീവിതപ്രമേയം ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന സിനിമ

സിനിമയില്‍ ഇടക്ക് ഏറെക്കുറെ പൂര്‍ണമായും അന്യം നിന്നു പോയ സാധാരണത്വം കാണാം

3 Dec 2021 1:43 PM GMT
അപർണ പ്രശാന്തി

വഴി വെട്ടാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ ഭീമന്റെ വഴി; സാധാരണ ജീവിതപ്രമേയം ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന സിനിമ
X

അഷ്‌റഫ് ഹംസ ഏറെ ശ്രദ്ധ നേടിയ തമാശക്ക് ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഭീമന്റെ വഴി. വ്യത്യസ്തമായ ട്രെയിലറും പരസ്യങ്ങളും കൊണ്ട് ശ്രദ്ധ നേടി, തീയറ്ററുകളെ വീണ്ടും സജീവമാക്കാന്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഒന്നാണിത്. സംവിധായകന്റെ ആദ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൂമികയും കഥാപരിസരവും ഉള്ള ട്രെയിലര്‍ കണ്ടതും പ്രേക്ഷകാറില്‍ കൗതുകമുണ്ടാക്കിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ജിനു ജോസഫ്, ചെമ്പന്‍ വിനോദ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ദിവ്യ, ചിന്നു ചാന്ദിനി, ബിനു പപ്പു എന്നിങ്ങനെ വലിയൊരു താര നിര ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് രചനയിലേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് ഭീമന്റെ വഴി.

വളരെ തുറസായ പേരാണ് ഈ ചിത്രത്തെ സംബന്ധിച്ച് ഭീമന്റെ വഴി എന്നത്. ഒരു റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നു കിടക്കുന്ന വഴിയിലാണ് സിനിമ മുഴുവനായി സംഭവിക്കുന്നത്. ആ വഴിയാവട്ടെ കേരളത്തിലെ ഒട്ടു മിക്ക ഇടങ്ങളിലും കണ്ടിട്ടുള്ള വഴികളെയും വഴികളുടെ ചരിത്രത്തെ കുറിച്ചും ഒക്കെ ആണ് പറയുന്നത്. കുഞ്ചാക്കോ ബോബന്റെ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ സ്വന്തം പ്രദേശത്തേക്ക് വഴി വെട്ടാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ഭീമന്റെ വഴി മുന്നോട്ട് പോകുന്നത്. ഇതിനൊപ്പം തന്നെ കാരിക്കേച്ചര്‍ രീതിയില്‍ പല കഥാപാത്രങ്ങളും സിനിമയില്‍ വന്നു പോകുന്നുണ്ട്. വളരെ ലളിതമായി, റിയലിസ്റ്റിക് ആയി ഒരു പ്രത്യേക ഇടത്തെയും അവിടത്തെ പ്രശ്‌നങ്ങളെയും അടയാളപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നു. ഒരു പ്രത്യേക ഇടം ആകുമ്പോള്‍ തന്നെ ഒരു പൊതു ഭൂമിക ആയി കാണികളില്‍ ആ സ്ഥലത്തെ അടയാളപ്പെടുത്താന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്.

ഭീമന്റെ വഴി ശ്രദ്ധേയകമാകുന്നത് താരങ്ങള്‍ ഇത് വരെ കാണാത്ത തരത്തിലുള്ള കഥാപാത്രങ്ങളായി സ്‌ക്രീനില്‍ എത്തുന്നുണ്ട് എന്നത് കൂടിയാണ്. ട്രെയിലറിന്റെ എക്സ്റ്റന്‍ഷന്‍ ആകുമ്പോളും സിനിമയില്‍ ഉടനീളം ആ പാത്ര നിര്‍മിതിയുടെ പുതുമയുണ്ട്. കുഞ്ചാക്കോ ബോബന്റെ സഞ്ജു എന്ന ഭീമനും ജിനു ജോസഫിന്റെ കൊസ്‌തോപ്പും ഈ രണ്ട് നടന്മാരും ഇത് വരെ ചെയ്യാത്ത, ചെയ്യാന്‍ സാധ്യത ഉണ്ടെന്നു പ്രേക്ഷകര്‍ക്ക് തോന്നാത്ത രണ്ട് കഥാപാത്രങ്ങളാണ്. അങ്ങേയറ്റം കയ്യൊതുക്കത്തോടെ ആ രണ്ട് നടന്മാരും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പാത്ര നിര്‍മിതിയില്‍ ഈ അടുത്ത് കാണാത്ത രീതിയിലുള്ള കൗതുകവും പുതുമയും ഭീമന്റെ വഴിയില്‍ കാണാം. തീമീനൊപ്പം തന്നെ മലയാളി നിത്യ ജീവിതത്തില്‍, കഥകളില്‍ ഒക്കെ കണ്ട് കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളായത് കൊണ്ട് തന്നെ കാണികളില്‍ ചിലരുമായെങ്കിലും റിലെറ്റബിലിറ്റി തോന്നാന്‍ ഈ കഥാപാത്രങ്ങള്‍ക്കാവും.

സിനിമയില്‍ ഇടക്ക് ഏറെക്കുറെ പൂര്‍ണമായും അന്യം നിന്നു പോയ സാധാരണത്വം ഇടക്കിടക്ക് ഭീമന്റെ വഴിയില്‍ കാണാം. സാധാരണ മലയാളി ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചു പോരുന്ന വഴി തര്‍ക്കങ്ങളുടെ റിയലിസ്റ്റിക് ആയ ചിത്രീകരണം ഈ സിനിമയിലുണ്ട്. വില്ലന്‍ ഉണ്ടാവുക എന്നത് ഒരു പ്ലോട്ടിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണെന്നു സിനിമാ / തിരക്കഥാ സാങ്കേതങ്ങളില്‍ പറയുന്നുണ്ട്.ആ വിശ്വാസത്തെ മുറിച്ചു കൊണ്ട്,ആ സാങ്കേതത്തെ മനഃപൂര്‍വം മറിച്ചിട്ടു കൊണ്ട് ഇവിടെ നിരവധി സിനിമകള്‍ വരാറുണ്ട്. ഭീമന്റെ വഴി തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വില്ലനേ ആശ്രയിക്കുന്നു. അതിന്റെ ഭംഗി ചില ഇടങ്ങളില്‍ എങ്കിലും സിനിമക്കുണ്ട്. ചില കരിക്കച്ചര്‍ കഥാപാത്രങ്ങളില്‍ അവ്യക്തതയും തുടര്‍ച്ചയിലായ്മയും ചില ഇടങ്ങളില്‍ തോന്നി. ചിലപ്പോഴെങ്കിലും അത്തരം കഥാപാത്രങ്ങളുടെ അപൂര്‍ണത പ്രേക്ഷകരില്‍ ആശയ കുഴപ്പം ഉണ്ടാക്കിയേക്കാം.

സിനിമ തീര്‍ത്തും വൈയക്തികമായ അനുഭവമാണ്. അത് കൊണ്ട് തന്നെ നല്ലത് മോശം എന്ന ദ്വന്ദ്വമിവിടെ പ്രവര്‍ത്തിക്കില്ല. ഒരു ഭൂരിപക്ഷത്തിനു ഇഷ്ടമാകുമോ എന്നതിനപ്പുറം റിയലിസ്റ്റിക് സിനിമകള്‍, സിനിമാ പഠനങ്ങള്‍, സാധാരണ ജീവിതം പ്രമേയമാക്കുന്ന ലളിതമായി തുടങ്ങിയവസാനിക്കുന്ന സിനിമകള്‍ ഒക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന സിനിമയാണ് ഭീമന്റെ വഴി.

Next Story