Top

മലയാള സിനിമ അധികം കാണാത്ത വിഷ്വല്‍ ട്രീറ്റ്; നായകന്റെ നീതി വിഷയമാകാത്ത അജഗജാന്തരം

സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നായകന്‍ എന്ന സങ്കല്‍പത്തെ അറിഞ്ഞോ അറിയാതെയോ തള്ളികളയുന്നുണ്ട് സംവിധായകന്‍.

23 Dec 2021 9:26 AM GMT
അപർണ പ്രശാന്തി

മലയാള സിനിമ അധികം കാണാത്ത വിഷ്വല്‍ ട്രീറ്റ്; നായകന്റെ നീതി വിഷയമാകാത്ത അജഗജാന്തരം
X

ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം വരുന്ന ഉത്സവ കാല റിലീസില്‍ ആദ്യമെത്തുന്നത് ടിനു പാപ്പച്ചന്റെ അജഗജാന്തരമാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ നായകനായ ആന്റണി വര്‍ഗീസ് തന്നെയാണ് ഈ ചിത്രത്തിലും പ്രധാന വേഷത്തില്‍ എത്തുന്നത്. ഒപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ലുക്ക്മാന്‍, സാബുമോന്‍, ജാഫര്‍ ഇടുക്കി, ടിറ്റൊ, കിച്ചു തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പേരുണ്ടാക്കുന്ന കൗതുകവും ഒപ്പം പ്രീ റിലീസ് ആയി ഇറങ്ങിയ ഓളുളെരു എന്ന പാട്ടിന്റെ ഓളവും ഒക്കെയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കിയത്.

സിനിമയുടെ ട്രെയിലര്‍ മറ്റു പരസ്യങ്ങള്‍ ഒക്കെ സൂചിപ്പിക്കും പോലെ ഒരു ക്ഷേത്രോത്സവവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഘര്‍ഷങ്ങളും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം. പൂരകാഴ്ചകളിലൂടെയാണ് സിനിമയുടെ 90% വും മുന്നോട്ട് നീങ്ങുന്നത്. ഒപ്പം ടൈറ്റിലിന്റെ ഒരു ഭാഗത്തോട് നീതി പുലര്‍ത്താന്‍ എന്നവണ്ണം നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയും പാര്‍ത്ഥന്‍ എന്ന കേന്ദ്ര കഥാപാത്രമായെത്തുന്നു. ഒരു ഉത്സവമുണ്ടാക്കുന്ന കൗതുകങ്ങളും നിറങ്ങളും കാഴ്ചകളും ശബ്ദങ്ങളും ഉണ്ട്. അതിനെ ഒരുപക്ഷെ ഏറ്റവും പൂര്‍ണതയില്‍ കാണികള്‍ക്ക് മുന്നില്‍ എത്തിച്ച സിനിമയാവും അജഗജാന്തരം. ഉത്സവവും അനുബന്ധ കാഴ്ചകളും കാണുന്ന കൗതുകത്തെ സിനിമ ആദ്യം മുതല്‍ അവസാനം വരെ നില നിര്‍ത്തുന്നുന്നുണ്ട്. അത്തരം കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മലയാള സിനിമ അധികം കാണിക്കാത്ത വിഷ്വല്‍ ട്രീറ്റ് നല്‍കുന്നുണ്ട് അജഗജാന്തരം. ചിത്രത്തിലെ ദന്നന്ന എന്ന് തുടങ്ങുന്ന പാട്ട് അതിലെ കാഴ്ചകളുടെ സമ്പന്നതകളുടെ പേരില്‍ റിലീസിന് മുന്‍പ് തന്നേ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. അത്തരം കാഴ്ചകള്‍ കൊണ്ട് അടിമുടി സമ്പന്നമാണ് ഈ ചിത്രം. മറ്റെന്തിലും ഉപരി സിനിമയുടെ കലാ സംവിധാനം മികച്ചു നില്‍ക്കുന്ന അപൂര്‍വത അജഗജാന്തരത്തിനുണ്ട്. പാട്ടുകളും പശ്ചാത്തല സംഗീതവും ഈ കാഴ്ചകളെ ഒന്നുകൂടി ഭംഗിയുള്ളതാക്കാന്‍ സഹായിക്കുന്നുമുണ്ട്.

സിനിമയില്‍ ഇല്ലാതെ പോയതായി തോന്നിയത് ആദ്യം മുതല്‍ അവസാനം വരെ ബന്ധിപ്പിക്കുന്ന തിരക്കഥയാണ്. ഒരു ഉത്സവപറമ്പിലെ സംഘര്‍ഷം എന്ന മൂല ആശയത്തില്‍ നിന്ന് സിനിമ അധികമൊന്നും മുന്നോട്ട് പോകാത്തത് പോലെ തോന്നി. ഡാര്‍ക്ക്, റോ, റസ്റ്റിക് ഗാങ്സ്റ്റര്‍ സിനിമകളില്‍ മലയാള സിനിമ സ്ഥിരം ആവര്‍ത്തിക്കുന്ന ഫോര്‍മുലകള്‍ തന്നെ അജഗജാന്തരത്തിലും ആവര്‍ത്തിക്കുന്നത് പോലെ തോന്നി. ആന്റണി വര്‍ഗീസ് എന്ന നടന്‍ സ്വയം ആവര്‍ത്തിക്കും പോലുള്ള അനുഭവവും ഈ ചിത്രത്തിലൂടെ തുടര്‍ന്നു. നോര്‍ത്ത് പറവൂരിനടുത്ത് ഒരു ക്ഷേത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യആവിഷ്‌കാരമാണ് അജഗജാന്തരം. ഈ സംഘര്‍ഷത്തില്‍ ചിത്രത്തിന്റെ മൂലകഥ എഴുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷമഭിനയിച്ച കിച്ചു ടെല്ലസ് പങ്കാളി ആയെന്നും പല അഭിമുഖങ്ങളിലും കണ്ടിരുന്നു. പല ഉത്സവ പറമ്പുകളിലും കണ്ട കെട്ട ആണ്‍ അനുഭവങ്ങളുടെ സാമ്യവും ചിത്രത്തിന്റെ കഥാഗതിക്കുണ്ട്. പക്ഷെ കാഴ്ചനുഭവത്തിനപ്പുറം അതിന് പലരെയും സ്പര്‍ശിക്കാനാവുമോ എന്നറിയില്ല.

ഏത് ഗാങ്സ്റ്റര്‍ സിനിമയിലും നായകന്റെ നീതി ഒരു വിഷയമാകാറുണ്ട്. ഈ സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നായകന്‍ എന്ന സങ്കല്‍പത്തെ അറിഞ്ഞോ അറിയാതെയോ തള്ളികളയുന്നുണ്ട് സംവിധായകന്‍. വഴക്കില്‍ കൃത്യമായി ഒരാളുടെ പക്ഷം പിടിക്കുമ്പോഴും അയാളെയും സംഘത്തെയും ഒരിടത്തും മറുപക്ഷത്ത് നിന്നു വ്യത്യസ്തനാക്കുന്നില്ല. നീതിയുടെ, ന്യായത്തിന്റെ ഒരു ആനുകൂല്യവും ഒരിടത്തും അയാള്‍ക്ക് നല്‍കുന്നതായി അനുഭവപ്പെടുന്നില്ല. കാണികള്‍ക്ക് അയാളുടെ പക്ഷം പിടിക്കാനുള്ള പഴുതുകളും ഉള്ളത് പോലെ തോന്നുന്നില്ല. ഇതൊരു പരീക്ഷണമാണെന്ന് സംശയിക്കാമെങ്കിലും അവസാന രംഗങ്ങളില്‍ സിനിമയുടെ റിയലിസ്റ്റിക്ക് ശീലത്തില്‍ നിന്നു വിട്ട് പോയി അയാള്‍ ഉത്സവ പറമ്പ് ഒറ്റക്ക് ഒഴിപ്പിക്കുന്ന ജഗനാഥന്‍ ആവുന്നു. ഇങ്ങനെ പലയിടത്തും സിനിമക്ക് കേവലയുക്തികള്‍ നഷ്ടപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേര് സിനിമയുടെ കഥാഗതിയുമായി ചേര്‍ന്ന് നിന്നപ്പോള്‍ അജഗജാന്തരം കൗതുകമുണ്ടാക്കുന്ന ഒരു വാക്ക് മാത്രമായി നിന്നു.

ഉത്സവം മലയാളികളുടെ പ്രിയപ്പെട്ട കാഴ്ച ശീലങ്ങളില്‍ ഒന്നാണ്. അത്തരം ഒരു ശീലത്തെ, അതിന്റെ ഏറ്റവും വിചിത്രവും റിയലിസ്റ്റിക്കുമായ ഒരു വശത്തെ കാണികളില്‍ എത്തിക്കാന്‍ ആണ് സംവിധായകന്‍ ശ്രമിക്കുന്നത്. കൃത്യമായും അങ്കമാലി ഡയറീസും ഡയറീസും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും തൃശിവപേരൂര്‍ ക്ലിപ്തവും ഒക്കെ പോലെ ഡാര്‍ക്ക് മൂഡ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭൂമികയുടെ വ്യത്യാസത്തിനപ്പുറം കഥാഗതിയുടെ മുന്നോട്ടുള്ള പോക്കിന് വലിയ വ്യത്യാസമില്ല. അത്തരം സിനിമാ തുടര്‍ച്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന മേക്കിങ് ആണ് സിനിമയുടെ. അല്ലാത്തവര്‍ക്ക് ഉത്സവപറമ്പിലെ കാഴ്ചകള്‍ കണ്ട് തല്ലില്‍ പങ്കാളികള്‍ ആകാതെ നിശബ്ദരായി മടങ്ങാം.

Next Story