Top

ആവാസവ്യൂഹം റിവ്യൂ: പ്രകൃതിയുടെ അതിജീവന റിയലിസം, കൃഷാന്തിന്റെ മാജിക്

വിവിധതരം ഉഭയജീവികളെയും പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത് എങ്കിലും, ഒരു വിജ്ഞാനപ്രദമായ ഡോക്യുമെന്ററിയുടേ ശൈലിയിൽ നിന്ന് മാറി ഒരു ത്രില്ലർ, സൂപ്പർ ഹീറോ സ്വഭാവമുള്ള ചിത്രമായി മാറുന്നുമുണ്ട്.

4 April 2022 10:12 AM GMT
അമൃത രാജ്

ആവാസവ്യൂഹം റിവ്യൂ: പ്രകൃതിയുടെ അതിജീവന റിയലിസം, കൃഷാന്തിന്റെ മാജിക്
X

ഇത്തവണത്തെ ഐഎഫ്എഫ്കെ ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങൾ നേടിയ സിനിമയാണ് കൃഷാന്ത് സംവിധാനമാണ് ചെയ്ത 'ആവാസവ്യൂഹം'. പ്രകൃതിയെയും ഭൂമിയുടെ ആവാസവ്യവസ്ഥകളെയും ഭക്ഷ്യ ശൃംഖലയെയും വിശാലമായും എന്നാൽ മാജിക്കൽ റിയലിസത്തെ പ്രയോജനകരമാം വിധം ഭംഗിയായും ആവിശ്കരിച്ചാണ്, കൃഷാന്ത്‌ എന്ന സംവിധായകൻ നീണ്ട നാളത്തെ ഗവേഷങ്ങൾക്കും പഠനങ്ങൾക്കും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ 'ആവാസവ്യൂഹം' എത്തിച്ചത്. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് തുടക്കം മുതൽ ഒടുക്കം വരെ ഒരു മോക്യൂമെന്ററി രൂപത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

ഒരു പുസ്തകം വായിക്കുന്നത് പോലെ ഓരോ അധ്യായങ്ങളും (ആമുഖം മുതൽ ഉപസംഹാരം വരെ) നമ്മെ കാട്ടിത്തരുന്നത് നമ്മുടെ ചുറ്റുപാടിനെ തന്നെയാണ്. വിവിധതരം ഉഭയജീവികളെയും പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത് എങ്കിലും, ഒരു വിജ്ഞാനപ്രദമായ ഡോക്യുമെന്ററിയുടേ ശൈലിയിൽ നിന്ന് മാറി ഒരു ത്രില്ലർ, സൂപ്പർ ഹീറോ സ്വഭാവമുള്ള ചിത്രമായി മാറുന്നുമുണ്ട്. ജോയ് എന്ന ആർക്കുമറിയാത്ത, എവിടെ നിന്ന് വന്നു എന്നറിയാത്ത കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജോയ് പലരുടെയും ജീവിതത്തിൽ ഒരു രക്ഷകനായും അതേസമയം കാതകനായും എത്തുന്നു. ഇയാളുടെ ഐഡന്റിറ്റി സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു സസ്‌പെൻസ് ആയി തുടരുകയാണ്.


ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് മീനുകളെ വലയിലാക്കാൻ കഴിവുള്ളയാളാണ് ജോയ്. ഒരു സൂപ്പർഹീറോ എന്നുതന്നെ പറയാം. മനുഷ്യനിൽ കാണാൻ കഴിയാത്ത ചില പ്രത്യേകതകളും എന്നാൽ എതിർക്കുന്നവരെ പൈശാചികമായി ഇല്ലാതാക്കാനും ഉള്ള കഴിവും ജോയ്ക്ക് പ്രകൃതിയിൽ നിന്ന് തന്നെ ലഭിച്ചതാണ്. തനിക്കു വേണ്ടി സഹായം ചെയ്യുന്നവരുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ ഒരു അടിമയെ പോലെ ജോയ് ഇവർക്കൊപ്പം നിൽക്കുന്നു. എന്നാൽ തന്നെ തകർക്കാൻ വരുന്നവരിൽ നിന്നും അതിജീവനം കണ്ടെത്തി പുതിയ രൂപം പ്രാപിക്കുന്ന ജോയ് ശെരിക്കും പ്രകൃതി തന്നെയാണ് എന്ന് കാണികൾക്ക് മനസിലാക്കിക്കൊടുക്കുകയാണ്. നമ്മുടെ ആവാസവ്യവസ്ഥയിൽ ജീവിച്ചുപോരുന്ന ജന്തുക്കളുടെ സ്വഭാവവും പ്രത്യേകതകളും നിലനിൽപ്പും പ്രതികരവുമൊക്കെ മനുഷ്യനുമായി ബന്ധിപ്പിക്കാൻ സംവിധായകന് ജോയിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

കഥ നടക്കുനാന്ത് കൊച്ചിയിലെ പുതുവൈപ്പിലാണ്. ഇവിടെ എൽ.പി.ജി ടെർമിനൽ പദ്ധതി വരുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരങ്ങളും പിന്നാലെ ഉണ്ടായ പ്രക്ഷോഭങ്ങളും കേരളം കണ്ടതാണ്. 2017ൽ നടന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഒരു ആവാസവ്യവസ്ഥയെ മുഴുവൻ അവതാളത്തിലാക്കുന്ന ഒരു പദ്ധതിയും, അവിടെ ഉള്ള ജനതയുടെ ബുദ്ധിമുട്ടുകളുമൊക്കെ സിനിമയിലൂടെ ഓർമ്മിപ്പിക്കുന്നു. പുതുവൈപ്പ് എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചു നടക്കുന്ന കഥ ശരിക്കും സംസാരിക്കുന്നത് മുഴുവൻ പ്രകൃതിക്കും ജീവജാലങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ അവസ്ഥയെ കുറിച്ചുകൂടിയാണ്. അതോടൊപ്പം ഇന്ന് നമ്മളിൽ പലരുമറിയാത്ത പുതുവൈപ്പിന്റെ ഇപ്പോഴത്തെ അവസ്ഥകൂടി സംവിധായകൻ പറയാൻ ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് ഇപ്പോഴും പുതുവൈപ്പിൽ 144 പിൻവലിച്ചിട്ടില്ല എന്നുള്ളത്. എന്നാൽ ഒരു ഡോക്യുമെന്ററി എന്നതിലപ്പുറം ഫാന്റസി കൂടി ചേർത്തുകൊണ്ട് സിനിമയുടെ ആസ്വാദനം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.


ആവാസവ്യൂഹത്തിന്റെ മറ്റൊരു പ്രത്യേകത മാസങ്ങളും വർഷങ്ങളും കാത്തിരുന്നു പകർത്തിയ ജീവജാലങ്ങളുടെ ദൃശ്യങ്ങളാണ്. അതിനുവേണ്ടി എടുത്ത പ്രയത്നങ്ങളും ചെറുതായി കാണാൻ കഴിയില്ല. ചില പ്രത്യേക കാലാവസ്ഥകളിൽ മാത്രം വരുന്ന ജീവജാലങ്ങളെ ക്ഷമയോടെ കാത്തിരുന്നാണ് പകർത്തിയിരിക്കുന്നത്. അതിൽ പലതിനെയും ലഭിച്ചില്ല എന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്. വലിയ താര പരിവേഷങ്ങളൊന്നും ഇല്ലാതെയാണ് സിനിമയുടെ കാസ്റ്റിംഗ് ചെയ്തിരിക്കുന്നത്. കരിക്ക് എന്ന വെബ്‌സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലാണ് ജോയ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോട്ടത്തിലും ഭാവത്തട്ടിലും ശരീരഭാഷയിലൂടെയുമൊക്കെ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചിരിക്കുന്നത്. കൂടാതെ നിലീൻ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിൻസ് ഷാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുതു തലമുറയിലേക്ക് മുന്നിൽ ഒരു വിഷയം പറയുമ്പോൾ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. പക്ഷെ യുവാക്കളെ ഒരുതരത്തിലും മടുപ്പിക്കാതെ, പുതിയ സാങ്കേതികതയിലൂടയും മാജിക്കൽ റിയലിസത്തിലൂടെയും കാണികളെ മടുപ്പിക്കാതെ എന്നാൽ പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ പൂർണമായും ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആവാസവ്യൂഹം എന്തുകൊണ്ടും പുരസ്‌കാരത്തിന് അർഹമാണ്.

Story highlights: Aavasavyooham Review: The Survival Realism of Nature, Krishanth's Magic

Next Story