നാഗ്പൂരില്‍ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16കാരിയുടെ കുഞ്ഞിനെ 90,000 രൂപക്ക് വിറ്റു
24 Sep 2021 12:34 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: നാഗ്പൂരില്‍ ബലാസംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16കാരിയുടെ കുഞ്ഞിനെ 90,000 രൂപക്ക് വിറ്റു. കുഞ്ഞിനെ വളര്‍ത്താനായി ദത്തു നല്‍കുകയാണെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച ബന്ധുക്കള്‍ കുഞ്ഞിനെ 90,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാതെ കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നത് കുറ്റകരമാണ്. പണം സ്വീകരിച്ചാല്‍ അത് കൂടുതല്‍ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യും.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതശിശുക്ഷേമ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. മനുഷ്യക്കടത്ത് വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കുറ്റകൃത്യമാണിത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഷ്താഖ് പത്താന് വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മനുഷ്യക്കടത്തിന്റെ ഗണത്തിലാണ് അനധികൃത ദത്തെടുക്കല്‍ ഉള്‍പ്പെടുമെന്ന് മുഷ്താഖ് പത്താന് പറഞ്ഞു.
മെയ് മാസത്തിലാണ് ബലാത്സംഗത്തിന് ഇരയായ 16കാരി ഗര്‍ഭിണിയാണെന്ന് വിവരം ബന്ധുക്കള്‍ അറിയുന്നത്. അയല്‍ക്കാരനായ 16കാരനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്നും വ്യക്തമായിരുന്നു. ജൂലൈ അവസാനത്തോടെ ഇവര്‍ പെണ്‍കുട്ടിക്ക് ജന്മം നല്കി. പിതാവും മാതാവും മരണപ്പെട്ട പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. കുഞ്ഞിനെ ഒഴിവാക്കാന്‍ പദ്ധതിയൊരുക്കിയത് ബന്ധുക്കളാണെന്നാണ് വിവരം. കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് പെണ്‍കുട്ടിയുടെ ബന്ധു 100 രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്.
- TAGS:
- RAPE