Top

നയന്‍താര-രജനികാന്ത് ചിത്രം 'അണ്ണാത്തെ'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും

10 Sep 2021 7:55 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍താര-രജനികാന്ത് ചിത്രം അണ്ണാത്തെ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
X

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി സിരുതൈ ശിവം സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സണ്‍പിക്‌ചേഴ്‌സിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് എത്തും.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന 'അണ്ണാത്തെ' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ചിത്രത്തിന്റെ ആദ്യ കോപ്പി കണ്ടുള്ള രജനികാന്തിന്റെ പ്രതികരണം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. അണ്ണാത്തെ, പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണെന്നാണ് രജനികാന്ത് പറഞ്ഞത്. കുടുംബ പ്രേക്ഷകരെ സംതൃപ്തരാക്കുന്നതായിരിക്കും അണ്ണാത്തെയെന്നും അദ്ദേഹം പറഞ്ഞു.

Next Story