Top

'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല'; ഈശോയ്‌ക്കെതിരെയുള്ള ഹർജി ഹൈകോടതി തള്ളി

സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്ന ആവശ്യപ്പെട്ടായിരുന്നു ഹർജി.

13 Aug 2021 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല; ഈശോയ്‌ക്കെതിരെയുള്ള ഹർജി ഹൈകോടതി തള്ളി
X


നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയ്‌ക്കെതിരെയുള്ള പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നൽകിയെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യൻ ആസോസിയേഷൻ ആൻഡ് അലയൻസ് ഫോറമാണ് ഹർജി നൽകിയത്.

ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ല. അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. അതിനാൽ പരാതിക്കാരുടെ ആവശ്യത്തിൽ കഴമ്പില്ല എന്ന് കോടതി പറഞ്ഞു. എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത് എന്ന് കോടതി ചോദിച്ചു. എന്നാൽ വിഷയത്തിൽ സെൻസർബോർഡിനെ സമീപിക്കുമെന്ന് പരാതിക്കാർ അറിയിച്ചു.

ഈശോ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെയാണ് ക്രിസ്തീയ സംഘടനകൾ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് സംഘടനകളുടെ ആരോപണം. എന്നാൽ ചിത്രത്തിന്റെ പേര് മാറ്റുന്ന പ്രശ്‌നമില്ലെന്ന് നാദിർഷ അറിയിച്ചു.
കഴിഞ്ഞ ദിവസം സംഭവത്തില്‍ നാദിര്‍ഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികരന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നുമാണ് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
നാദിര്‍ഷയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ വിവേകമുള്ള കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നു. ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നെന്ന് ഫെഫ്ക അറിയിച്ചിരുന്നു.
സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.


Next Story