Top

ബീസ്റ്റ് വിലക്കാന്‍ കാരണമെന്ത്?; കൂടുതല്‍ രാജ്യങ്ങള്‍ പ്രദര്‍ശനം തടയുമെന്ന ആശങ്കയില്‍ നിര്‍മ്മാതാക്കളും ആരാധകരും

'ബിഗിൽ', 'മാസ്റ്റർ' മുതലായ വിജയ് സിനിമകൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മികച്ച കളക്ഷനാണ് നേടിയിരുന്നത്.

10 April 2022 12:02 PM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റ് വിലക്കാന്‍ കാരണമെന്ത്?; കൂടുതല്‍ രാജ്യങ്ങള്‍ പ്രദര്‍ശനം തടയുമെന്ന ആശങ്കയില്‍ നിര്‍മ്മാതാക്കളും ആരാധകരും
X

വിജയ് ചിത്രം ബീസ്റ്റ് റിലീസിന് ഒരുങ്ങുമ്പോൾ നിരവധി വിവാദങ്ങളാണ് ഉയരുന്നത്. കുവൈറ്റ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. തമിഴ്‌നാട് മുസ്ലിം ലീഗ് സിനിമയുടെ പ്രദർശനം തടയണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ചിത്രത്തിന് നേരെ ഉയരുന്ന വിവാദങ്ങളിൽ ആരാധകർ നിരാശയിലാണ്.

'ബിഗിൽ', 'മാസ്റ്റർ' മുതലായ വിജയ് സിനിമകൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മികച്ച കളക്ഷനാണ് നേടിയിരുന്നത്. കുവൈറ്റിന് പിന്നാലെ ഖത്തറിലും വിലക്ക് ഏർപ്പെടുത്തിയത് ബീസ്റ്റിന്റെ ജിസിസി കളക്ഷനെ ബാധിക്കും. യുഎഇ , ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയിട്ടുണ്ട്. കെഎസ്എയിലെ സെൻസറിങ് നാളെ നടക്കും. കൂടുതൽ രാജ്യങ്ങളിൽ വിലക്കുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

സിനിമയിലെ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിലക്കിന് കാരണം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ പ്രധാന വില്ലനും സംഘവും ഇസ്ലാമിക തീവ്രവാദികളാണ്. ഐഎസ്ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളെക്കുറിച്ചും ചിത്രത്തിൽ പരാമർശമുണ്ട്. സിനിമ കഥ പറയുന്ന രീതി ജനതയുടെ മത വികാരങ്ങളെ വ്രണപ്പെടുത്തും എന്ന കാരണത്താലാണ് ചിത്രത്തിന് ഇരുരാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയത് എന്ന് പ്രശസ്ത അനലിസ്റ്റ് രമേശ് ബാല ഡിഎൻഎയോട് പ്രതികരിച്ചു. പാകിസ്ഥാനെക്കുറിച്ച് സിനിമയിൽ ചില ഡയലോഗുകൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ വിഷ്ണു വിശാൽ നായകനായ ചിത്രം എഫ്ഐആറിനും ചില ഗൾഫ് രാജ്യങ്ങളിൽ വിലക്കുണ്ടായിരുന്നു.

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക. ഒരു ഹോസ്റ്റേജ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നീ മലയാളി താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെൽവരാഘവൻ, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

story highlights: why vijay movie beast is banned in some gulf countries

Next Story