'വൈകാരികമായ കഥ, ശക്തനായ വില്ലനെ ആവശ്യമാണ്'; 'ദളപതി 66'ല്‍ വിജയ്യുടെ പ്രതിനായകനാകാന്‍ വിവേക് ഒബ്രോയ്
വിവേക് ഒബ്രോയ്യുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ദളപതി 66
10 March 2022 12:22 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ്യുടെ പുതിയ ചിത്രം 'ദളപതി 66'ല്‍ പ്രതിനായകനാകാന്‍ വിവേക് ഒബ്രോയ്. 'ദളപതി 66' അല്‍പ്പം വൈകാരികമായ സിനിമയായതിനാല്‍ ശക്തനായ ഒരു വില്ലന്‍ കഥാപാത്രം ആവശ്യമാണെന്നും അക്കാരണത്താല്‍ വിവേക് ഒബ്രോയ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവേക് ഒബ്രോയ്യുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ദളപതി 66. അജിത്ത് കേന്ദ്രകഥാപാത്രമായെത്തിയ 'വിവേകം' ആണ് വിവേകിന്റെ ആദ്യ ചിത്രം. വിവേകത്തില്‍ അജിത്തിന്റെ പ്രതിനായക വേഷത്തിലാണ് താരം എത്തിയത്.
വംശി പൈടപ്പള്ളിയാണ് ദളപതി 66 സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍് ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.'അഴകിയ തമിഴ് മകന്', 'കത്തി', 'ബിഗില്‍' എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66. ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പൂഡ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എസ് തമനാകും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.
Story Highlights; Vivek Oberoi will play the antagonist in 'Thalapathy 66'.