Top

'ഫോട്ടോഷോപ്പ് ചെയ്തു വരെ കൊടുത്തു, വളരെ ക്രിയേറ്റിവ് ആയിരുന്നു'; അസുഖത്തെ കുറിച്ചുള്ള വാർത്തകളിൽ വിക്രം

'എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമല്ല', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 July 2022 5:11 AM GMT
ഫിൽമി റിപ്പോർട്ടർ

ഫോട്ടോഷോപ്പ് ചെയ്തു വരെ കൊടുത്തു, വളരെ ക്രിയേറ്റിവ് ആയിരുന്നു; അസുഖത്തെ കുറിച്ചുള്ള വാർത്തകളിൽ വിക്രം
X

തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. പൂർണ്ണ ആരോഗ്യവാനായ അദ്ദേഹം കഴിഞ്ഞ ദിവസം പുതിയ ചിത്രം 'കോബ്ര'യുടെ ഓഡിയോ ലോഞ്ചിൽ എത്തിയിരുന്നു. പരിപാടിയിൽ താൻ ആശുപത്രിയിൽ ആയതിനെക്കുറിച്ച് വന്ന വാർത്തകളിൽ വളരെ രസകരമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

'നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാർത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു, എനിക്ക് ഇഷ്ടമായി' എന്നാണ് തമാശ രൂപേണ വിക്രം പറഞ്ഞത്. 'എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമല്ല', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം കോബ്രായുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ചാണ് നടന്നത്. എ ആർ റഹ്മാൻ, ഇർഫാൻ പത്താൻ, ദ്രുവ് വിക്രം, റോഷൻ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിൻ, കെ എസ് രവികുമാർ, മിയ ജോർജ്, തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് എസ് ലളിത് കുമാര്‍ ആണ് കോബ്ര നിർമ്മിക്കുന്നത്. ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര കേരളത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം,ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് തീയേറ്ററുകളിൽ എത്തിക്കുന്നു.

എആർ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആഗസ്റ്റ് 11ന് തീയേറ്ററുകളിൽ എത്തും. പിആർഒ : ശബരി.

story highlights: vikram comments on the news about his health in cobra movie audio launch

Next Story