തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി; വിജയ ഓട്ടം തുടർന്ന് 'വിക്രം'
ചിത്രം മൂന്നാം ആഴ്ചയാണ് തിയേറ്ററിൽ.
19 Jun 2022 12:03 PM GMT
ഫിൽമി റിപ്പോർട്ടർ

കമൽ ഹാസൻ നായകനായ ചിത്രം 'വിക്രം' ബോക്സോഫീസ് വേട്ട തുടരുകയാണ്. ചിത്രം പതിനാറ് ദിവസങ്ങൾ കൊണ്ട് തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ബഡ്ജറ്റിന്റെ ഇരട്ടി നേടിയാണ് വിജയ പ്രദർശനം തുടരുന്നത്.
ആദ്യ ദിനം മുതൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കൂടാതെ മിക്ക കേന്ദ്രങ്ങളിലും ചിത്രം ഹൗസ്ഫുൾ ആയി ഓടുന്നു. പകുതിയിലധികം സ്ക്രീനുകളിലാണ് മൂന്നാം ആഴ്ചയിലും ചിത്രത്തിന്റെ പ്രദർശനം. ആക്ഷൻ ഡ്രാമയായ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടിക്ക് മുകളിൽ നേടിയപ്പോൾ ചിത്രത്തിന്റെ ആകെ കളക്ഷൻ 360 കോടി കടന്നു.
കമൽ ഹാസന്റെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് 'വിക്രം'. അടുത്ത ദിവസങ്ങളിൽ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടും. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് നേടിയത്. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര് ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്.
Story highlights: Vikram box office collection day 16