Top

'തിരക്കഥയും സംവിധാനവും മോശം'; 'ബീസ്റ്റിനെ'ക്കുറിച്ച് വിജയ്‌യുടെ പിതാവ്

'രണ്ട് പാട്ടും കുറച്ച് ഫൈറ്റും വെച്ച് സിനിമ ചെയ്യാം എന്ന് കരുതും'

19 April 2022 5:02 AM GMT
ഫിൽമി റിപ്പോർട്ടർ

തിരക്കഥയും സംവിധാനവും മോശം; ബീസ്റ്റിനെക്കുറിച്ച് വിജയ്‌യുടെ പിതാവ്
X

വിജയ് നായകനായ ചിത്രം 'ബീസ്റ്റി'നെക്കുറിച്ചുള്ള അഭിപ്രായം അറിയിച്ച് പിതാവ് എസ് എ ചന്ദ്രശേഖർ. വിജയ് എന്ന സൂപ്പർതാരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റ്. സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലർത്തിയില്ല. പുതിയ തലമുറയിലെ സംവിധായകർക്ക് ഒരു സൂപ്പർതാരത്തിനൊപ്പം സിനിമ ചെയ്യുമ്പോൾ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് തെറ്റിദ്ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സിനിമയിലെ അറബികുത്ത് എന്ന ആദ്യഗാനം ഏറെ ആസ്വദിച്ചു. വിജയ്‌യുടെ അച്ഛൻ എന്നത് പോലും മറന്നു ഒരു ആരാധകനെ പോലെ ആസ്വദിച്ചു. എന്നാൽ സിനിമയിലേക്ക് വന്നാൽ വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് എടുത്ത പോലെ തോന്നി. തിരക്കഥയിലും സംവിധാനത്തിലും മികവ് പുലർത്തിയില്ല. പുതിയ തലമുറയിലെ സംവിധായകരുടെ രണ്ട് സിനിമ ഹിറ്റാകുന്നതോടെ സൂപ്പർതാരങ്ങൾ അവർക്ക് അവസരം നൽകുന്നു. താരങ്ങളെ കിട്ടിയാൽ ഉടനെ നമുക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാം. അവർക്ക് വലിയ ആരാധക നിര തന്നെയുണ്ട്. എന്തായാലും സിനിമ വിജയിക്കുമല്ലോ എന്ന് തോന്നും. രണ്ട് പാട്ടും കുറച്ച് ഫൈറ്റും വെച്ച് സിനിമ ചെയ്യാം എന്ന് കരുതും' എസ് എ ചന്ദ്രശേഖർ പറഞ്ഞു.

ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. 'ഡോക്ടറി'ന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷൻ തന്നെ ലഭിക്കുന്നുണ്ട്. ചിത്രം ഇതിനകം 150 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു കഴിഞ്ഞു.

ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയും സാധാരണക്കാരെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടർന്ന് അവരെ രക്ഷിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. പൂജ ഹെഗ്‌ഡെ ആണ് സിനിമയിലെ നായിക. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

story highlights: vijay's father s a chandrashekhar comments about beast movie

Next Story