Top

മക്കള്‍ സെല്‍വന്‍ തകര്‍ത്താടിയ വേഷങ്ങള്‍

വിജയ് സേതുപതിയുടെ അഭിനയജീവിതത്തിലെ ചില മികച്ച കഥാപാത്രങ്ങളെ നോക്കാം.

16 Jan 2022 11:48 AM GMT
ഫിൽമി റിപ്പോർട്ടർ

മക്കള്‍ സെല്‍വന്‍ തകര്‍ത്താടിയ വേഷങ്ങള്‍
X

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഇടയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് വിജയ്‌ സേതുപതി. നിരവധി സിനിമകളിൽ നായകന്റെ സുഹൃത്ത് തുടങ്ങിയ ചെറുകിട വേഷങ്ങൾ അവതരിപ്പിച്ചാണ് നടന്റെ തുടക്കം. 2010ൽ 'തെൻമേർക്കു പരുവകാട്ര്' എന്ന സിനിമയിൽ പ്രധാന വേഷം അവതരിപ്പിച്ചു. തുടർന്ന് 2013ൽ 'പിസ്സ', 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം' എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷർക്കിടയിൽ ശ്രദ്ധ നേടി.

പിന്നീട് കണ്ടത് വിജയ് സേതുപതി എന്ന നടന്റെ വളർച്ചയായിരുന്നു. നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിരവധി മികച്ച കഥാപാത്രങ്ങളെ നടൻ അവതരിപ്പിച്ചു. തന്റെ പ്രകടനങ്ങളിലൂടെ നാലോളം ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. ആരാധകർ 'മക്കൾ സെൽവൻ' എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വിജയ് സേതുപതിയുടെ അഭിനയജീവിതത്തിലെ ചില മികച്ച കഥാപാത്രങ്ങളെ നോക്കാം.

പിസ്സ

2013ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് പിസ്സ. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രമ്യ നമ്പീശൻ ആയിരുന്നു നായിക. ചിത്രത്തിൽ ഒരു പിസ്സ ഡെലിവറി ബോയ് ആയാണ് വിജയ് സേതുപതി അഭിനയിച്ചത്. മൈക്കിൾ എന്ന പിസ്സ ബോയ് നിഗൂഢതകൾ നിറഞ്ഞ ഒരു വീട്ടിൽ പിസ്സ ഡെലിവറി ചെയ്യാൻ പോകുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം മികച്ച വിജയം തന്നെ കരസ്ഥമാക്കി. തുടർന്ന് കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. വിജയ് സേതുപതി എന്ന നടന്റെ അഭിനയജീവിതത്തിന് ഒരു മികച്ച തുടക്കം നൽകാനും സിനിമയ്ക്ക് സാധിച്ചു.നാനും റൗഡി താൻ

വിജയ് സേതുപതിയെയും നയൻ‌താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ. റൊമാന്റിക്ക് കോമഡി വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം പോണ്ടി പാണ്ഡി എന്ന യുവാവും തന്റെ പിതാവിന്റെ കൊലയാളിയോട് പ്രതികാരത്തിന് എത്തിയ കാദംബരി എന്ന ബധിരയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൻ സൂര്യ ആണ്. ധനുഷ് ആയിരുന്നു സിനിമ നിർമ്മിച്ചത്. ചിത്രവും ഗാനങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു.

വിക്രം വേദ

മാധവൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്കർ, ഗായത്രി എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിക്രംവേദ. വിക്രമാദിത്യനും വേതാളവും എന്ന പ്രശസ്തമായ നാടോടിക്കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ ചിത്രം വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥനെയും വേദ എന്ന ഗ്യാങ്സ്റ്ററിനെയും ചുറ്റിപ്പറ്റി മുനോട്ടു പോകുന്നു. ചിത്രത്തിൽ വേദ ആയാണ് വിജയ് സേതുപതി എത്തിയത്. 'ഒരു കഥൈ സൊല്ലട്ടുമാ..' എന്ന വിജയ് സേതുപതിയുടെ ഡയലോഗിന് വലിയ കയ്യടി തന്നെ നേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ ആ വർഷത്തെ ഫിലിംഫെയർ പുരസ്കാരവും നേടി.96

വിജയ് സേതുപതിയ്‌ക്കൊപ്പം തൃഷയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തത് സി പ്രേംകുമാറാണ്. റാം, ജാനു എന്നീ കമിതാക്കൾ വർഷങ്ങൾക്ക് ശേഷം ഒരു സ്കൂൾ റീയൂണിയനിൽ വെച്ച് വീണ്ടും കാണുന്നതും അവരുടെ പ്രണയവുമാണ് സിനിമ പറയുന്നത്. 2018ൽ പുറത്തിറങ്ങിയ ചിത്രം 50 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. ചിത്രം തെലുങ്ക്, കന്നഡ ഭാഷകയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.സൂപ്പർ ഡീലക്സ്

ത്യാഗരാജൻ കുമരാജയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആന്തോളജി ചിത്രമാണ് സൂപ്പർ ഡീലക്സ്. ചിത്രത്തിൽ ശിൽപ എന്ന ട്രാൻസ്ജെൻഡർ യുവതിയുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.മാസ്റ്റർ

വിജയ് നായകനായെത്തിയ ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഭവാനി എന്ന വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. പല രംഗങ്ങളിലും നായകനെക്കാൾ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ വിജയ് സേതുപതിയുടെ ഭാവാനിയ്ക്ക് കഴിഞ്ഞു. വലിയ പ്രേക്ഷക സ്വീകാര്യതയും കഥാപാത്രം നേടി.Next Story