Top

'ബിഗിലി'നെ മറികടന്നു; 'ബീസ്റ്റിന്' കേരളത്തിൽ റെക്കോർഡ് ഫാൻസ്‌ ഷോ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം', 'ഒടിയൻ' എന്നീ സിനിമകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

7 April 2022 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

ബിഗിലിനെ മറികടന്നു; ബീസ്റ്റിന് കേരളത്തിൽ റെക്കോർഡ് ഫാൻസ്‌ ഷോ
X

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ബീസ്റ്റ്'. തമിഴ്നാട് എന്ന പോലെ കേരളത്തിലും സിനിമയ്ക്കായുള്ള ആവേശം വലിയ തോതിലാണ്. ഇപ്പോഴിതാ ചിത്രത്തിന് കേരളത്തിൽ റെക്കോർഡ് ഫാൻസ് ഷോയാണ് ലഭിച്ചിരിക്കുന്നത്.

ബീസ്റ്റിന് കേരളത്തിൽ 350ഓളം ഫാൻസ്‌ ഷോകളാണ് പ്രദർശിപ്പിക്കുക. ഇതോടെ കേരളത്തിൽ ഏറ്റവും അധികം ഫാൻസ്‌ ഷോ ലഭിച്ച സിനിമകളിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം', 'ഒടിയൻ' എന്നീ സിനിമകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

വിജയ് ചിത്രം 'ബിഗിലി'ന്റെ റെക്കോർഡും ബീസ്റ്റ് തകർത്തിരിക്കുകയാണ്. ബിഗിലിന് 307 ഷോകളാണ് ലഭിച്ചിരുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബീസ്റ്റിന് കുവൈറ്റ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. കുവൈറ്റിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണിക്കുന്നതാണ് ചിത്രം വിലക്കാൻ കാരണം. യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

അതേപോലെ സിനിമ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗും രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാട് മുസ്‌ലിം ലീഗ് അധ്യക്ഷൻ വി.എം.എസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തുനൽകി. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം ഉയർത്തിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13നാണ് ബീസ്റ്റ് തിയേറ്ററുകളിൽ എത്തുക. പൂജ ഹെഗ്‌ഡെ ആണ് സിനിമയിലെ നായിക. ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നീ മലയാളി താരങ്ങളും സിനിമയിലുണ്ട്.

story highlights: vijay movie beast with record fans show in kerala

Next Story