Top

മോൺസ്റ്ററിനോട് ഏറ്റുമുട്ടാൻ തയ്യാർ; 'ബീസ്റ്റ്' എത്തും 'കെജിഎഫിന്' ഒരു ദിവസം മുന്നേ

'കെജിഎഫ് ചാപ്റ്റർ 2' ഏപ്രിൽ 14 നാണ് റിലീസ് ചെയ്യുന്നത്.

22 March 2022 9:32 AM GMT
ഫിൽമി റിപ്പോർട്ടർ

മോൺസ്റ്ററിനോട് ഏറ്റുമുട്ടാൻ തയ്യാർ; ബീസ്റ്റ് എത്തും കെജിഎഫിന് ഒരു ദിവസം മുന്നേ
X

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 13നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. സൺ പിക്ചേഴ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രം 'കെജിഎഫ് ചാപ്റ്റർ 2' ഏപ്രിൽ 14 നാണ് റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി ഇരു ചിത്രങ്ങളും റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ഇത്. 'വേട്ടൈക്കാരൻ', 'സുറ', 'സര്‍ക്കാര്‍' എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ സെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്. അനിരുദ്ധാണ് സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കുന്നത്.

ബീസ്റ്റിന്റെ എല്ലാ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ ആദ്യഗാനമായ 'അറബികുത്ത്' ആഗോളതലത്തിൽ ട്രെൻഡിങ് ആണ്. ഗാനം ഇതുവരെ 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ഡാൻസ് സ്റ്റെപ്പുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൃത്തം അനുകരിച്ച് നിരവധിപ്പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

story highlights: vijay movie beast to release a day before kgf chapter 2

Next Story