Top

'ഫെമിനിസത്തെക്കുറിച്ച് കൂടുതലറിയില്ല'; വിമർശനങ്ങളോട് പ്രതികരിച്ച് വിഘ്നേശ് ശിവൻ

1 May 2022 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

ഫെമിനിസത്തെക്കുറിച്ച് കൂടുതലറിയില്ല; വിമർശനങ്ങളോട് പ്രതികരിച്ച് വിഘ്നേശ് ശിവൻ
X

പുതിയ ചിത്രം കാതുവാക്കുല രണ്ട് കാതൽ (കെആർകെ) എന്ന സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ വിഘ്നേഷ് ശിവൻ. താൻ വിനോദ സിനിമകളാണ് നിർമ്മിക്കുന്നതെന്നും ഒരു സീൻ നന്നാക്കുക എന്നതിനപ്പുറത്ത് മറ്റ് ഘടകങ്ങൾ പരി​ഗണിക്കാറില്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. വിജയ് സേതുപതി, നയൻതാര, സമന്ത എന്നീ താരങ്ങൾ പ്രധാനവേഷങ്ങളിലെത്തിയ കെആർകെയിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിക്കെതിരെ വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഘ്നേശ് ശിവന്റെ പ്രതികരണം.

'ഫെമിനിസത്തെ പറ്റിയോ സെക്സിസത്തെ പറ്റിയോ എനിക്ക് കൂടുതലറിയില്ല. ഞാൻ വിനോദത്തിന് വേണ്ടിയാണ് സിനിമ നിർമിക്കുന്നത്. എന്റെ പാവ കഥൈകൾ എന്ന ചിത്രത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്റെ സംബന്ധിച്ച് എന്റർടെയ്ൻമെന്റ് ആണ് പ്രധാന ലക്ഷ്യം. ഞാൻ കഥയെ അങ്ങനെയാണ് നയിക്കുക. ഒരു ​ഗാനം എഴുതുമ്പോൾ പോലും ആ ​ഗാനം ഹിറ്റാവുന്നതിനാണ് പ്രഥമ പരി​ഗണന. ഒരു സീൻ ആസ്വാദ്യകരമാണോ എന്നാണ് എന്റെ 90 ശതമാനം ചിന്തകളും. ബാക്കിയുള്ള 10 ശതമാനത്തിലാണ് മറ്റ് ഘടകങ്ങൾ വരുന്നത്,' വിഘനേഷ് ശിവൻ പറഞ്ഞു.

തന്റെ തിരക്കഥകൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് തിരുത്തുന്ന ശീലമില്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് സീരീസായ സെക്സ് എഡ്യുക്കേഷനാണ് ഇതിന് ഉദാഹരണമായി സംവിധായകൻ ചൂണ്ടിക്കാണിച്ചത്.

'സെക്സ് എഡ്യുക്കേഷനിൽ സെക്സ് തെറാപിസ്റ്റായ അമ്മ മകന് ചില ടിപ്സുകൾ പറഞ്ഞു കൊടുക്കുന്ന ഒരു സീനുണ്ട്. ഒരു ടീനേജറെ അത്തരത്തിൽ അവതരിപ്പിക്കാമോ എന്ന ചോദ്യമുയർന്നാൽ ആ കഥ മുന്നോട്ട് കൊണ്ടുപോവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ തിരക്കഥ ആരുമായും ചർച്ച ചെയ്യാത്തത്. കാരണം ഇത്തരം ചോദ്യങ്ങൾ കഥയെ മുന്നോട്ട് കൊണ്ട് പോവുന്നത് തടസ്സപ്പെടുത്തും. ഈ സിനിമ ഞാൻ ബോധ്യത്തോടെയാണ് ചെയ്തിരിക്കുന്നത്. സിനിമ ഈ രുചിയിൽ വേണമെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്,' വിഘ്നേശ് ശിവൻ പറഞ്ഞു.

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുന്ന കെആർകെക്കെതിരെ നിരൂപകരുടെ വിമർശനവും ഉയരുന്നുണ്ട്. വിജയ് സേതുപതിയുടെ കഥാപാത്രത്തോട് നയൻതാര സമന്ത എന്നിവർ അവതരിപ്പിച്ച കൺമണി, ഖദീജ എന്നീ കഥാപാത്രങ്ങൾക്കുള്ള പ്രണയം തെറ്റായ രീതിയിലാണ് കാണിച്ചിരിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

Story highlight: Vignesh shivan responds to kaathuvaakula rendu kaadhal criticism

Next Story