'ലഗാന്‍ ശേഷം 20 വർഷങ്ങൾ'; കൂഴങ്കൽ ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ വിഘ്നേശ് ശിവൻ
മാര്‍ച്ച് 27 നാണ് 94ാമത് ഓസ്കാര്‍ പുരസാകാരച്ചടങ്ങ് നടക്കുന്നത്.
21 Dec 2021 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

ഓസ്കാർ മത്സരത്തിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കൂഴങ്കൽ. ഇപ്പോഴിതാ കൂഴങ്കൽ ഓസ്കാർ പട്ടികയിലെ ഫൈനലിസ്റ്റ് ആവട്ടെ എന്ന പ്രതീക്ഷ പങ്കുവെച്ച് സിനിമയുടെ നിർമ്മാതാവ് വിഘ്നേശ് ശിവൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
'മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള 15 ഫൈനലിസ്റ്റുകളുടെ ഷോർട്ട്ലിസ്റ്റിലേക്ക് കൂഴങ്കൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു! ലഗാന്‍ ശേഷം.. ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ ചിത്രം പട്ടികയിൽ ഇടം നേടുന്നത് ശ്രദ്ധേയമായ നേട്ടമായിരിക്കും! പി എസ് വിനോദ് രാജ് അത് അർഹിക്കുന്നു, വിഘ്നേശ് ശിവൻ ട്വീറ്റ് ചെയ്തു.
2022 ഫെബ്രുവരിയിലാണ് ഓസ്കാർ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിക്കപ്പെടുന്നത്. മാര്‍ച്ച് 27 നാണ് 94ാമത് ഓസ്കാര്‍ പുരസാകാരച്ചടങ്ങ് നടക്കുന്നത്. ആമിർ ഖാൻ നായകനായ ലഗാൻ ആണ് അവസാനമായി ഓസ്കാർ ഫൈനലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ ചിത്രം.
നവാഗതനായ പി എസ് വിനോദ് രാജാണ് കൂഴങ്കല്ലിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മദ്യപാനിയായ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. ഇതിന് മുമ്പും ചിത്രത്തിന് നിരവധി പുരസ്കാരങ്ങല്‍ ലഭിച്ചിട്ടണ്ട്.