'ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല'; ജയ് ഭീം വിവാദങ്ങളിൽ സംവിധായകൻ
ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
21 Nov 2021 12:04 PM GMT
ഫിൽമി റിപ്പോർട്ടർ

ജയ് ഭീം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ടിജെ ജ്ഞാനവേല്‍. ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ്. സിനിമയുടെ നിർമാതാവ് എന്ന നിലയ്ക്ക് എല്ലാ പഴികളും സൂര്യയുടെ മേൽ ചാർത്തപ്പെടുന്നത് നിരാശജനകമാണ്. ഒരു നിർമാതാവ് എന്ന നിലയ്ക്കും നടൻ എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ആഗ്രഹം ആദിവാസി ജനങ്ങളുടെ വേദനകൾ എല്ലാവരിലേക്കും എത്തിക്കുക എന്നത് മാത്രമായിരുന്നു എന്ന് ജ്ഞാനവേല്‍ വ്യക്തമാക്കി.
സിനിമയില്‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശിപ്പിട്ടിരുന്നു. എന്നാൽ തങ്ങൾ അങ്ങനെയൊരു കലണ്ടർ കണ്ടിരുന്നില്ല എന്നും കണ്ടിരുന്നെങ്കിൽ അത് മാറ്റുമായിരുന്നു എന്നും ജ്ഞാനവേല്‍ വ്യക്തമാക്കി. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ നിരവധി വിവാദങ്ങളാണ് സിനിമക്കെതിരെ ഉഉണ്ടായത്. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.