Top

'ചിൽഡ്രൻ ഓഫ് ഹെവൻ' തമിഴ് റീമേക്ക് എത്തുന്നു, കഥാപാത്രങ്ങളായി മലയാളി ബാലതാരങ്ങൾ

ഇരുന്നോറോളം പേരിൽ നടത്തിയ ഒഡീഷനിൽ നിന്നാണ് ഇരുവരെയും സെലക്ട് ചെയ്തത്

4 May 2022 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

ചിൽഡ്രൻ ഓഫ് ഹെവൻ തമിഴ് റീമേക്ക് എത്തുന്നു, കഥാപാത്രങ്ങളായി മലയാളി ബാലതാരങ്ങൾ
X

ഒരു സഹോദരന്റെയും സഹോദരിയുടെയും വളരെ നിഷ്കളങ്കവും വത്സല്യവും നിറഞ്ഞ സ്നേഹത്തിന്റെ കഥ പറഞ്ഞ ഇറാനിയൻ ചിത്രമാണ് മജീദ് മജീദി സംവിധാനം ചെയ്ത 'ചിൽഡ്രൻ ഓഫ് ഹെവൻ'. ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ ചിത്രത്തിന്റെ റീമേക്ക് ആണ് തമിഴിൽ ഇപ്പോൾ ഒരുങ്ങുന്നത്. 'അക്കാ കുരുവി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ചെയ്യുന്നത് സാമിയാണ്.

'ഉയിർ', 'മൃഗം', 'സിന്ധു സമവെളി', 'കങ്കാരു' തുടങ്ങിയ ചർച്ചാവിഷയമായ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ സംവിധായകനാണ് സാമി. വിവാദ പ്രമേയങ്ങൾ സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടിയ സാമിയുടെ 'അക്കാ കുരുവി'യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ബാലതാരങ്ങളായ മാഹിനും, ഡാവിയയുമാണ്. പതിനൊന്നും ഏഴും വയസുള്ള താരങ്ങൾ മലയാളികളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഇവർ സഹോദരനും സഹോദരിയുമായാണ് അഭിനയിക്കുന്നത്.


ഇരുന്നോറോളം പേരിൽ നടത്തിയ ഒഡീഷനിൽ നിന്നാണ് ഇരുവരെയും സെലക്ട് ചെയ്തത്. പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറുമാണ് ഇവരുടെ മാതാപിതാക്കൾ. 'പരിയേറും പെരുമാൾ ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിർ ആണ് മറ്റൊരു താരം. ഒപ്പം വർഷാ ബൊല്ലമ്മയും അതിഥി വേഷത്തിൽ എത്തുന്നു.

'ചിൽഡ്രൻ ഓഫ് ഹെവൻ' അന്തർ ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട സിനിമയായതുകൊണ്ട് തന്നെ ചിത്രത്തിന്റെ തമിഴ് റീമേക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് എന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കാൻ ഇളയരാജയ സമീപിച്ചപ്പോൾ 'ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം' എന്നുള്ള മറുപടിയാണ് ലഭിച്ചത്. പിന്നീട് ഷൂട്ടിന് ശേഷം എഡിറ്റ് ചെയ്ത് കോപ്പി കാണിച്ചപ്പോൾ പൂർണ സംതൃപ്തനായി എന്നും തുടർന്ന് മൂന്ന് പാട്ടുകളും സം​ഗീതം ചെയ്ത് അതും ചിത്രത്തിൽ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.


'അക്കാ കുരുവി 'കണ്ട 'ചിൽഡ്രൻ ഓഫ് ഹെവൻ'സംവിധായകൻ മജീദ് മജീദിയും സിനിമയ്ക്ക് അഭിനന്ദനമറിയിച്ചിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ മലയാളിയായ ഉത്പൽ. വി.നായനാരാണ്. അദ്ദേഹത്തെ മജീദിയും ഇളയരാജയും പ്രത്യേകം പ്രശംസിച്ചു. മധുരൈ മുത്തു മൂവീസും കനവ് തൊഴിൽശാലയും സംയുക്തമായി നിർമ്മിച്ച ' അക്കാ കുരുവി ' മെയ് ആറിന് തമിഴ്നാട്ടിലും മെയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും എന്നാണ് വിവരം.

Story highlights: The Tamil remake of 'Children of Heaven' is coming, Malayalee child actors as characters

Next Story