കമല്‍ ഹാസന് തിരക്കഥ; വിജയ് സേതുപതിയും വിക്രമും കേന്ദ്ര കഥാപാത്രങ്ങള്‍, ആര് വില്ലന്‍, ആര് നായകന്
മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം
15 Nov 2021 12:08 PM GMT
ഫിൽമി റിപ്പോർട്ടർ

ഉലക നായകന് കമല്‍ ഹാസന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും വിക്രമും കേന്ദ്ര കഥാപാത്രങ്ങളാകും. മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇരു താരങ്ങളുമായും പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ചിത്രത്തില്‍ കമല്‍ ഹാസനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയും വിക്രമും ആണ്. അതിനിടയില്‍ ഇരുവര്‍ക്കും ഇടയില്‍ ആരായിരിക്കും നായകനെന്നും പ്രതിനായകനെന്നുമുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിജയ് സേതുപതി പല ചിത്രങ്ങളിലും ചെയ്യുന്നത് പോലെ പ്രതിനായകനായി അഭിനയിക്കാം, എന്നാല്‍ വിക്രം ഒരു പ്രതിനായകനാകനാവുകയാണെങ്കില് അത് ആരാധകര്‍ക്ക് അതിശയമായിരിക്കും.
നേരത്തെ കമല്‍ ഹാസന്റെ പ്രൊഡക്ഷന്സില് 'കദരം കോണ്ടന്' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചിരുന്നു. രാജേഷ് എം സെല്‍വയായിരുന്നു സിനിമയുടെ സംവിധായകന്. കമല്‍ ഹാസന് പ്രധാന കഥാപാത്രമാകുന്ന 'വിക്രം' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. ലോകേഷ് കനകരാജനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.