Top

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം'; സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎം

പാര്‍വതി അമ്മാളിന് 10 ലക്ഷം രൂപ നല്‍കിയ വിവരം അറിയിച്ചപ്പോഴാണ് സൂര്യയുടെ പ്രസ്താവന

15 Nov 2021 12:45 PM GMT
ഫിൽമി റിപ്പോർട്ടർ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി   അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം; സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎം
X

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎം. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് 10 ലക്ഷം രൂപ നല്‍കിയ വിവരം അറിയിച്ചപ്പോഴാണ് സൂര്യ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. തമിഴ് നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യക്ക് കത്തയച്ചിരുന്നുവെന്നും സിപിഐഎം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

'തമിഴ് നടന്‍ സൂര്യ സിപിഎമ്മിനെ പ്രശംസിക്കുകയും പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിന് ഒപ്പമാണെന്നും പറഞ്ഞു. തമിഴ് നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ ബാലകൃഷ്ണനോട് രാജാക്കണ്ണിന്റെ ഭാര്യയായ പാര്‍വതിയെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. സൂര്യ പാര്‍വ്വതിക്ക് 10 ലക്ഷം രൂപ നല്‍കി. ഇതിന് മുമ്പ് കെ ബാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞ് സൂര്യക്ക് കത്തയച്ചിരുന്നു.

രാജാക്കണ്ണിന്റെയും പാര്‍വ്വതിയുടെയും ജീവതത്തെ ആസ്പദമാക്കിയൊരുങ്ങിയ ചിത്രമാണ് ജയ് ഭീം. 1995ലാണ് തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ ഇരുള്‍ വംശജന്‍ കസ്റ്റഡി മര്‍ദര്‍ദനത്തിന് ഇരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. അതിനെതിര നിയമ പോരാട്ടം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ചുമാണ് സിനിമയില്‍ പറയുന്നത്.

പാര്‍വ്വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത് വാര്‍ത്തയായിരുന്നു. താരം സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു.

Next Story