Top

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും; 'ദളപതി 66'ല്‍ വിജയ്ക്ക് ചുവടൊരുക്കാന്‍ പ്രഭു ദേവ

'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്

22 May 2022 5:25 AM GMT
ഫിൽമി റിപ്പോർട്ടർ

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും; ദളപതി 66ല്‍ വിജയ്ക്ക് ചുവടൊരുക്കാന്‍ പ്രഭു ദേവ
X

വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'ദളപതി 66'ല്‍ നൃത്ത സംവിധായകനായി പ്രഭു ദേവ എത്തും. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടിപ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയ് നായകനായ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

ഗാനരംഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സിനിമകളിലേയും രംഗങ്ങളില്‍ പ്രഭുവേദ പ്രത്യക്ഷപ്പെടുന്നതുപോലെ ദളപതി 66യിലും താരം അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ് തമനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതാണ് വിജയ്ക്കുവേണ്ടി ഒരുക്കുന്നതെന്ന് തമന്‍ നേരത്തെ പറഞ്ഞിരുന്നു.

വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.'അഴകിയ തമിഴ് മകന്‍', 'കത്തി', 'ബിഗില്‍' എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.

വിജയ്‌യുടെ പ്രതിനായകനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രമായിരിക്കും ദളപതി 66 എന്നും സൂചയുണ്ട്. 'ഇമോഷണല്‍ ഡ്രാമ' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇത് എന്ന് പറയപ്പെടുന്നു. ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫറെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. പൂജ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights; Thalapathy 66 Prabhu Deva to choreograph a song for Vijay

Next Story