'കാത്തിരിക്കാൻ രണ്ട് കാരണങ്ങൾ'; 'ദളപതി 66' ഫസ്റ്റ് ലുക്ക് വിജയ്യുടെ ജന്മദിന തലേന്ന്
ജൂൺ ഇരുപത്തി രണ്ടിനാണ് വിജയ്യുടെ നാൽപ്പത്തി എട്ടാം ജന്മദിനം.
19 Jun 2022 3:38 PM GMT
ഫിൽമി റിപ്പോർട്ടർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദളപതി 66'ന്റെ ഫസ്റ്റ് ലുക്ക് വിജയ്യുടെ ജന്മദിനന് തലേന്ന് പുറത്തിറക്കാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. 'തലപതി 66'ന്റെ നിർമ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂൺ 21ന് വൈകുന്നേരം ആറിന് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിജയ്യുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രത്തിനൊപ്പമാണ് മോഷൻ പോസ്റ്റർ രൂപേണയുള്ള ഫസ്റ്റ് ലുക്കിന്റെ പ്രഖ്യാപനം.
വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. രശ്മിക മന്ദാനയാണ് നായിക. പൂജ ഹെഗ്ഡേ, കിരൺ അദ്വാനി ഉൾപ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവിൽ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, പ്രകാശ് രാജ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ശ്രീ വെങ്കിട ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.
വിജയ്യുടെ നാൽപ്പത്തി എട്ടാം ജന്മദിനമാണ് ജൂൺ ഇരുപത്തി രണ്ടിന്. അന്നേദിവസം ഒരേപോലെ പ്രൊഫൈൽ ചിത്രമാക്കാനുള്ള 'ഡിപി'യുടെ പ്രകാശനം നാൽപ്പത്തി എട്ട് തെന്നിന്ത്യൻ താരങ്ങൾ ചേർന്ന് ഇന്ന് നിർവ്വഹിച്ചിരുന്നു.
Story highlights: Thalapathi 66 first look poster to arrive on Vijays birthday