പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജനീലിയ സിനിമയിലേക്ക്; മടങ്ങിവരവ് ഭര്‍ത്താവിന്റെ മറാത്തി ചിത്രത്തിലൂടെ
വേട്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
10 Dec 2021 6:55 AM GMT
ഫിൽമി റിപ്പോർട്ടർ

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങി വരാനൊരുങ്ങി തെന്നിന്ത്യന്‍ ബോളിവുഡ് താരം ജനീലിയ ദേശ്മുഖ്. ജനീലിയ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. 'വേട്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം 2022 ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.
'ഒരു മഹാരാഷ്ട്രക്കാരിയായി ജനിച്ച ഞാന്‍ വര്‍ഷങ്ങളായി മറാത്തി സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു. അവസാനം അത് സംഭവിക്കുകയാണ്, എന്റെ മറാത്തി സിനിമ. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ സിനിമയിലേക്ക് തിരികെ വരികയാണ്. ഭര്‍ത്താവ് റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാനും ഒരു ഭാഗമാവുകയാണ്. ഞങ്ങളുടെ നിര്‍മ്മാണ കമ്പനിയായ എംഎഫ്സി പ്രൊഡക്ഷനിലൂടെ സിനിമയിലെത്തിയ ജിയ ശങ്കറിനൊപ്പമാണ് അഭിനയിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം'. ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് ജനീലിയ കുറിച്ചു.
20 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് റിതേഷ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് റിതേഷാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിട്ടുള്ളത്. അതിശയകരമായ ഒരു വാര്‍ത്തയാണ് ഇതെന്ന് ആശംസയറിയിച്ച് അഭിഷേക് ഭച്ചന് പറഞ്ഞു.
തമിഴ് തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ ജനീലിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് ചിത്രം ഉറുമിയില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. 2012 ലാണ് ജനീലിയയും റിതേഷും വിവാഹിതരാകുന്നത്. വിവാഹത്തോടെ അഭിനയ ജീവിത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു താരം.