സലാറും രാം ചരണ്‍ ചിത്രവും വൈകിയേക്കും; ഇന്ന് മുതല്‍ തെലുങ്ക് സിനിമയെ സ്തംഭിപ്പിച്ച് അനിശ്ചിതകാല പണിമുടക്ക്
ഇരുപതിനായിരത്തിൽ അധികം സിനിമ പ്രവർത്തകരാണ് പണിമുടക്കുന്നത്.
22 Jun 2022 2:07 AM GMT
ഫിൽമി റിപ്പോർട്ടർ

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ഇരുപതിനായിരത്തിൽ അധികം തെലുങ്ക് സിനിമ പ്രവർത്തകർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും. ശമ്പള വർധനവ് ആവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ 24 സിനിമാ തൊഴിലാളി സംഘടനകളാണ് ഒരുങ്ങുന്നത്.
തെലുങ്ക് ഫിലിം ചേംബർ, തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ എന്നിവയുടെ ഏകോപനമില്ലായ്മയിൽ നിരാശ പ്രകടിപ്പിച്ചാണ് തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ വാർട്ടയർ വീരയ്യ, ഭോലാ ശങ്കർ, പ്രഭാസിൻ്റെ സലാർ, ആർസി 15 എന്നിവയുൾപ്പടെ നിർമ്മാണത്തിൽ ഇരിക്കുന്ന നിരവധി സിനിമകളെ സമരം ബാധിക്കും.
ശരാശരി 500 മുതൽ 1500 രൂപ വരെയാണ് ടോളിവുഡിൽ ഒരു സിനിമാ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നത്. ഇത് ഉയർത്താനാണ് സമരം. ഇന്ന് മുതൽ തങ്ങളുടെ കാര്യം പരിഗണിക്കുന്നത് വരെ ഷൂട്ടിങ്ങുകളിൽ സഹകരിക്കില്ലെന്ന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം തെലുങ്ക് സിനിമ നിർമ്മാതാക്കൾ സമരത്തോട് പ്രതികരിച്ചിട്ടില്ല.
Story highlights: Telungu movie workers call for a massive strike, demands hike in wages