'ജയ്ഭീം' പേര് തന്നതില്‍ പാ രഞ്ജിത്തിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു; സൂര്യ
1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമായ ജയ് ഭീം ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്
6 Nov 2021 10:20 AM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. ചിത്രത്തിന് ആ പേര് വന്നതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് സൂര്യ. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. സിനിമയ്ക്ക് ജയ് ഭീം എന്ന പേര് നല്കിയ സംവിധായകന് പാ രഞ്ജിത്തിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് സൂര്യ അഭിമുഖത്തില്‍ പറഞ്ഞു.
'ചിത്രത്തിന് ജയ് ഭീം എന്ന പേര് നിശ്ചയിച്ച ശേഷമാണ് സംവിധായകന് പാ രഞ്ജിത് ആ പേര് രജിസ്റ്റര്‍ ചെയ്തതായി അറിയുന്നത്. അങ്ങനെ ഞാന്‍ അദ്ദേഹത്തേട് ഇക്കാര്യം സംസാരിച്ചു. ഞങ്ങള്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട്, സിനിമയ്ക്ക് ജയ് ഭീം എന്ന് പേര് നല്‍കാം എന്ന് കരുതുമ്പോഴാണ് താങ്കള്‍ നേരത്തെ ആ പേര് ബുക്ക് ചെയ്തതായി അറിയുന്നത്. ആ പേര് ഞങ്ങള്‍ക്ക് തരാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ ഇത് എല്ലാത്തിനും ചേര്‍ന്ന എല്ലാ വിഷയവും സംസാരിക്കാന്‍ പറ്റിയ ടൈറ്റിലാണെന്നും നിങ്ങള്‍ ധൈര്യമായി എടുത്തുകൊള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത് ചിന്തിക്കാന്‍ നില്‍ക്കാതെയാണ് ആ പേര് എടുത്തോളാന്‍ പാ രഞ്ജിത്ത് സാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വലിയ മനസാണ് ഇതിനു കാരണമെന്നും' സൂര്യ അഭിമുഖത്തില്‍ വ്യക്തമാക്കി.
1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുക.
സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന് ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര് കതിര് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.