Top

സൂര്യ- ബാല ചിത്രത്തിന് തുടക്കമായി; പ്രധാന കഥാപാത്രമായി മമിത ബൈജുവും

കൃതി ഷെട്ടി ആണ് സിനിമയിലെ നായിക.

28 March 2022 1:53 PM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ- ബാല ചിത്രത്തിന് തുടക്കമായി; പ്രധാന കഥാപാത്രമായി മമിത ബൈജുവും
X

സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം കന്യാകുമാരിയിൽ ആരംഭിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ബാലണ്ണൻ ആക്ഷൻ പറയുവാൻ കാത്തിരിക്കുകയായിരുന്നു. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ന് അത് സംഭവിച്ചു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ വേണം' സൂര്യ ട്വീറ്റ് ചെയ്തു.

മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജിവി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. 'നന്ദ', 'പിതാമകൻ', മായാവി എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

എതർക്കും തുനിന്തവനാണ് സുര്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്തത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്‌തെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

story highlights: suriya bala movie shooting started mamitha baiju also part of the cast

Next Story