Top

'ദില്ലി-റോളക്സ് അടിയൊക്കെ വീട്ടിൽ സ്ഥിരമാണ്' എന്ന് കാർത്തി; കാലം മറുപടി പറയുമെന്ന് സൂര്യ

'എന്നേക്കാൾ എന്തുകൊണ്ടും മികച്ച നടൻ കാർത്തി തന്നെയാണ്'

4 Aug 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

ദില്ലി-റോളക്സ് അടിയൊക്കെ വീട്ടിൽ സ്ഥിരമാണ് എന്ന് കാർത്തി; കാലം മറുപടി പറയുമെന്ന് സൂര്യ
X

ലോകേഷ് കനകരാജിന്റെ ചിത്രം 'വിക്രമി'ലെ സൂര്യയുടെ അതിഥി വേഷം ഏറെ കയ്യടി നേടിയിരുന്നു. റോളക്സ് എന്ന വില്ലൻ കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. സിനിമയിൽ 'കൈതി'യിലെ കാർത്തിയുടെ ദില്ലി എന്ന കഥാപാത്രത്തിന്റെ ശബ്ദ സാന്നിധ്യവുമുണ്ട്. ഇതിന് പിന്നാലെ കൈതി രണ്ടാം ഭാഗത്തിൽ റോളക്‌സിനേയും ദില്ലിയേയും ഒന്നിച്ച് കാണാൻ സാധിക്കുമോ എന്ന് ആരാധകരുടെ ചോദ്യം ഉയർന്നു കഴിഞ്ഞു. ഇപ്പോഴിതാ റോളക്‌സിനേയും ദില്ലിയെയും കുറിച്ച് കാർത്തിയുടെയും സൂര്യയുടെയും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കാര്‍ത്തി നായകനാകുന്ന 'വിരുമന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ചാണ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ഇരുവരുടെയും രസകരമായ പരാമർശം. 'ദില്ലിയെ റോളക്‌സ് എന്ത് ചെയ്യണം' എന്ന് സൂര്യ കാണികളോട് ചോദിക്കുമ്പോൾ 'ദില്ലി-റോളക്സ് അടിയൊക്കെ ഞങ്ങൾ വീട്ടിൽ സ്ഥിരം ചെയ്യുന്നതാണ്' എന്നാണ് കാർത്തിയുടെ മറുപടി. പിന്നാലെ 'കാലം മറുപടി പറയും' എന്ന് സൂര്യയും പറയുന്നു. കമൽ ഹാസൻ സമ്മാനിച്ച റോളക്സ് വാച്ചിനെക്കുറിച്ചുള്ള സൂര്യയുടെ വാക്കുകൾക്കും വലിയ കയ്യടി ലഭിച്ചു. പ്രേക്ഷകർ മൂലമാണ് ഈ സമ്മാനം തനിക്ക് ലഭിച്ചത് എന്നും സൂര്യ പറഞ്ഞു.

'കാർത്തിയെക്കാൾ മുന്നേ ഞാൻ സിനിമയിലേക്ക് വന്നതാണ്. എന്നാൽ എന്നേക്കാൾ സിനിമയെക്കുറിച്ച് ചിന്തിക്കുന്നതും സിനിമയ്ക്കായി തന്റെ സമയം ചെലവഴിക്കുന്നതും കാർത്തിയാണ്. അത് ഏത് വേദിയിലും ഞാൻ തുറന്നു പറയും. എന്നേക്കാൾ എന്തുകൊണ്ടും മികച്ച നടൻ കാർത്തി തന്നെയാണ്', എന്നും സൂര്യ വ്യക്തമാക്കി.

ദേശീയ പുരസ്‌കാരം ലഭിക്കുമ്പോൾ താൻ വിദേശത്ത് ആയിരുന്നു എന്നും വിവരം താൻ അറിയും മുന്നേ തന്നെ പ്രേക്ഷകർ അത് ആഘോഷമാക്കി എന്നും സൂര്യ പറഞ്ഞു. '40 ദിവസത്തോളം ഞാൻ നാട്ടിൽ ഇല്ലായിരുന്നു. മകളുടെ പഠനത്തിന്റെ കാര്യവുമായി ഞാൻ ന്യൂയോർക്കിൽ ആയിരുന്നു. അതിനാൽ ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയുവാൻ തന്നെ മൂന്ന്-നാല് മണിക്കൂറുകൾ എടുത്തു. അതിന് മുന്നേ തന്നെ നിങ്ങൾ അത് ആഘോഷമാക്കി. സ്വന്തം പോലെ ആ പുരസ്‌കാരം നിങ്ങൾ സ്വീകരിച്ചു. അതാണ് എനിക്ക് ഏറ്റവും സന്തോഷം', സൂര്യ കൂട്ടിച്ചേർത്തു.


story highlights: suriya and karthi words about rolex and dilli gone viral

Next Story