പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് അന്തരിച്ചു
രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം
2 Aug 2021 9:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന് (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി എന്ന കല്യാണിമേനോന് കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്ക് എത്തിയത്.
പിന്നീട് ക്ലാസിക്കല്‍ സംഗീത വേദികളിലൂടെ പ്രശസ്തയായ കല്ല്യാണി മേനോന് രാമു കാര്യാട്ടിന്റെ 'ദ്വീപ്' എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. 2018-ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി-തൃഷ ചിത്രം '96' ലെ കാതലേ..കാതലേയെന്ന പാട്ടാണ് ഒടുവില്‍ സിനിമയില്‍ ആലപിച്ചത്.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ടൈറ്റില്‍ ഗാനം ശ്യാമസുന്ദര കേരകേദാരഭൂമി ആലപിച്ചത് കല്യാണി മേനോന് ആണ്. വിയറ്റ്നാം കോളനിയിലെ പവനരച്ചെഴുതുന്ന.., കാക്കക്കുയിലിലെ പാടാം വനമാലീ നിലാവില്.., മിസ്റ്റര്‍ ബട്ലറിലെ രാരവേണു ഗോപബാല... തുടങ്ങിയ നിരവധി മലയാള ഹിറ്റ് ഗാനങ്ങള്‍ കല്ല്യാണിമേനോന്‍ പാടിയിട്ടുണ്ട്.
ഋതുഭേദകല്പന, ജലശയ്യയില്‍ എന്നിവയാണ് പ്രശസ്ത ഗാനങ്ങള്‍. ഹംസഗീതം,സുജാത, പൌരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധായകന് രാജീവ് മേനോന് മകനാണ്.