Top

'അന്ന് കമലിനും വിജയ്ക്കുമൊപ്പം നിന്നു, ഇപ്പോൾ സൂര്യയ്‌ക്കൊപ്പം നിൽക്കും'; സിദ്ധാര്‍ത്ഥ്

കഴിഞ്ഞ ദിവസമാണ് ജയ് ഭീം' സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്.

17 Nov 2021 5:48 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് കമലിനും വിജയ്ക്കുമൊപ്പം നിന്നു, ഇപ്പോൾ സൂര്യയ്‌ക്കൊപ്പം നിൽക്കും; സിദ്ധാര്‍ത്ഥ്
X

നടൻ സൂര്യയ്ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി സിദ്ധാര്‍ത്ഥ്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുക എന്നത് ഭീരുത്വം ആണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കമൽഹാസനും വിജയ്ക്കും നേർ ഇത്തരം ആക്രമണങ്ങൾ നടന്നപ്പോൾ തങ്ങൾ പിന്തുണ നൽകിയിരുന്നു. സൂര്യയ്ക്കും പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

അന്ന് ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു, ഞങ്ങള്‍ വിജയ്‌ക്കൊപ്പം നിന്നു, ഞങ്ങള്‍ സൂര്യയ്ക്കൊപ്പം നിൽക്കും. അഭിപ്രായവ്യത്യാസങ്ങളുടെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതും ഒരു കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെ തടസപ്പെടുത്തുന്നതും ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്നു,' സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജയ് ഭീം' സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്.

സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയും ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story