'മാപ്പ് പറ, ബോയ്ക്കോട്ട് സായ് പല്ലവി'; ആള്ക്കൂട്ടകൊലക്കെതിരായ പരാമര്‍ശത്തില്‍ നടിക്കെതിരെ സൈബര്‍ ആക്രമണം
15 Jun 2022 3:54 PM GMT
ഫിൽമി റിപ്പോർട്ടർ

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം. നടി കാശ്മീരി ഹിന്ദുക്കളെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നുമാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്. താരത്തിന്റെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് 'ബോയിക്കോട്ട് സായ് പല്ലവി' എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് വിദ്വേഷ പ്രചരണം.
കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പശുവിനെ കടത്താന്‍ ശ്രമിച്ചതില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുമായി എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ സാധിക്കുക, കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു, കാപട്യം നിറഞ്ഞ മതേതരത്വവാദി, ജിഹാദികളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല എന്നിങ്ങനെയാണ് നടിക്ക് എതിരെയുള്ള ട്വീറ്റ്
'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പരാമര്‍ശം. ''കാശ്മീര്‍ ഫയല്‍സ്' എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്' എന്നായിരുന്നു സായ് പല്ലവി പറഞ്ഞിരുന്നത്.
Story Highlights; sanghparivar boycott campaign against actress sai pallavi
- TAGS:
- Sai Pallavi
- Virata Parvam