'ഇനിയെങ്കിലും നന്നാകൂ'; വിമര്‍ശകരോട് സാമന്ത
12 March 2022 4:42 PM GMT
ഫിൽമി റിപ്പോർട്ടർ

സ്ത്രീകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ താരം സാമന്ത. വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സ്വയം മെച്ചപ്പടുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത ആവശ്യപ്പെടുന്നു. ക്രിട്ടിക്സ് അവാര്‍ഡ്സില്‍ പങ്കെടുത്ത താരത്തിന്റെ വസ്ത്രത്തിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സാമന്തയുടെ പ്രതികരണം.
'വിധിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥം ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് വ്യക്തമായി അറിയാം. സ്ത്രീകള്‍ പല തരത്തില്‍ വിലയിരുത്തപ്പെടാറുണ്ട്. നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട് അങ്ങനെ ഒരു നീണ്ട ലിസ്റ്റുണ്ട്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെപ്പറ്റി പെട്ടന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ വിലയിരുത്തുന്നതില്‍ ശ്രദ്ധിക്കാതെ സ്വയം മെച്ചപ്പെടുന്നതില്‍ ശ്രദ്ധിക്കാനാവില്ലേ. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഗുണമുണ്ടാകില്ല. സ്വയം വിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം'. - സാമന്ത കുറിച്ചു.
അല്ലു അര്ജുന് കേന്ദ്രകഥാപാത്രമായി എത്തിയ 'പുഷ്പ'യാണ് സാമന്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനരംഗങ്ങളില്‍ മാത്രമാണ് താരം എത്തിയത്.സിനിമയിലെ ഡാന്‍സിനായി നടി അഞ്ച് കോടി രൂപയോളം കൈപ്പറ്റി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിഘ്നേശ് ശിവന് എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. നയന്‍താരയും വിജയ്സേതുപതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 'അഭിജ്ഞാനശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കിയൊരുങ്ങുന്ന 'ശാകുന്തള'മാണ് സാമന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ശകുന്തളയായാണ് താരം എത്തുന്നത്.മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
Story Highlights; Samantha responds to rising criticism of women
- TAGS:
- Samantha
- instagram story