ലൂസിഫർ തെലുങ്ക് റീമേക്കിൽ സൽമാനും
ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലേക്കാണ് സല്മാന് ഖാന് എത്തുന്നത്
16 March 2022 9:08 AM GMT
ഫിൽമി റിപ്പോർട്ടർ

മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ സൽമാൻ ഖാൻ അഭിനയിക്കും. ചലച്ചിത്ര നിരൂപകനായ തരൺ ആദർശാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. മുൻപ് സൽമാൻ ഖാൻ അഭിനയിക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ വാർത്തകൾക്ക് അണിയറപ്രവർത്തകർ പ്രതികരിച്ചിരുന്നില്ല.
ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലേക്കാണ് സല്മാന് ഖാന് എത്തുന്നത്. ലൂസിഫറിലെ കഥാപാത്രത്തിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് തെലുങ്കിൽ അവതരിപ്പിക്കുക. ഗോഡ്ഫാദറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകന്.
അതേസമയം ലൂസിഫറിന്റെ തെലുങ്ക് പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്, ഇന്ദ്രജിത്, സായിക്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
Story highlights: Salman in the Telugu remake of Lucifer