ആടി തിമിർത്ത് ജൂനിയർ എൻടിആറും രാം ചരണും, ഒപ്പം ആലിയ ഭട്ടും; 'ഏറ്റുക ചെണ്ട', 'ആര്‍ആര്‍ആര്‍' ഗാനം
മാര്‍ച്ച് 25 ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.
15 March 2022 5:30 AM GMT
ഫിൽമി റിപ്പോർട്ടർ

ബാഹുബലിയ്ക്ക് ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര് ആര് ആര്. ബാഹുബലി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആര്‍ആര്‍ആറിന്റെ ആഘോഷ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന വരികളാണ് 'ആര്‍ആര്‍ആര്‍' മലയാളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ വരികള്‍ എഴുതിയിരിക്കുന്നു. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവര്‍ മലയാളം പതിപ്പിനായി ആലപിച്ചിരിക്കുന്ന ഗാനം പുറത്തുവിട്ടു. ആലിയ ഭട്ടും ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഈ ഗാനത്തില്‍ ഒന്നിച്ച് എത്തുന്നുണ്ട്.
മാര്‍ച്ച് 25 ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 2022 ജനുവരി 7 നാണ് ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നാണ് ആര് ആര് ആറിന്റെ യഥാര്‍ത്ഥ പേര്.
അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം എം കീരവാണി. പി ആര് ഒ ആതിര ദില്‍ജിത്.
story highlights: rajamouli new movie rrr new song video out