ആയിരം കോടിയും കടന്ന് 'ആർആർആർ'; ആഘോഷച്ചടങ്ങിൽ താരങ്ങൾ
സിനിമയുടെ പ്രഖ്യാപനം മുതൽ മികച്ച പിന്തുണയാണ് രാജമൗലി ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്
7 April 2022 6:38 AM GMT
ഫിൽമി റിപ്പോർട്ടർ

ആയിരം കോടി കളക്ഷനും കടന്ന് രാജമൗലിയുടെ 'ആർആർആർ' കുതിക്കുകയാണ്. റെക്കോർഡ് നേട്ടമാണ് രാജമൗലി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ആയിരം കോടി വിജയത്തിന്റെ ആഘോഷച്ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആരാധകർക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകരും അണിചേരുകയാണ്. മുംബൈയിൽ വച്ച് നടന്ന ആഘോഷത്തിൽ അതിഥിയായി ബോളിവുഡ് താരം ആമിർഖാനും എത്തിയിരുന്നു. ചടങ്ങിൽ റെഡ് കാർപ്പറ്റിലേക്ക് താരങ്ങൾ എത്തിയപ്പോൾ കറുത്ത വസ്ത്രത്തിൽ ചെരുപ്പിടാതെയാണ് രാംചരൺ എത്തിയത്. കറുത്ത വസ്ത്രത്തിലാണ് എൻ.ടി.ആറും എത്തിയത്.
ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. എന്നാൽ നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല. മാർച്ച് 25നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തിയത്. സിനിമയുടെ പ്രഖ്യാപനം മുതൽ മികച്ച പിന്തുണയാണ് രാജമൗലി ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകളിൽ ആവേശഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. പ്രേക്ഷകർ 'ആർആർആറി'നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Story highlights: 'RRR' crosses Rs 1,000 crore; The stars at the celebration