ബാഹുബലിയെ മറികടന്ന് ആർആർആർ ബജറ്റ്; ടിക്കറ്റ് നിരക്ക് ഇനിയും വർധിപ്പിക്കാൻ സാധ്യത
ജിഎസ്ടിയും അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ശമ്പളവും മാറ്റിനിർത്തിയാൽ സിനിമയ്ക്കായി 336 കോടി രൂപയാണ് നിർമ്മാതാക്കൾ ചിലവഴിച്ചിരിക്കുന്നത് എന്നാണ് വിവരം
20 March 2022 11:13 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് എസ് എസ് രാജമൗലി 'ബാഹുബലി' പുറത്തിറക്കിയത്. വരാനിരിക്കുന്ന രാജമൗലി ചിത്രം 'ആർആർആർ' തന്റെ തന്നെ റെക്കോർഡ് മറികടക്കുമെന്നും ആരാധകർ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ 'ആർആർആറി'ന്റെ ബജറ്റ് ബഹാബലിയെ മറികടന്നു എന്ന റിപ്പോർട്ടുകൾ കൂടി എത്തുന്നത്. ആന്ധ്രാപ്രദേശ് മന്ത്രി പെർണി നാനിയാണ് പ്രസ്താവനയിൽ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. 'ആർആർആർ' സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് തങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചുവെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ജിഎസ്ടിയും അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ശമ്പളവും മാറ്റിനിർത്തിയാൽ സിനിമയ്ക്കായി 336 കോടി രൂപയാണ് നിർമ്മാതാക്കൾ ചിലവഴിച്ചിരിക്കുന്നത് എന്നാണ് വിവരം. അതിനാൽ സിനിമാ ടിക്കറ്റ് നിരക്ക് ഇനിയും വർധിപ്പിക്കുന്ന കാര്യം തീരുമാനിക്കും എന്നും ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നും മന്ത്രി പറഞ്ഞു
ഹോളിവുഡിൽ നിന്നുള്ള അഭിനേതാക്കാളും ഇന്ത്യയിലെ മികച്ച താരങ്ങളുമടക്കം ചിത്രത്തിലുണ്ട്. അതിനാൽ തന്നെ ചിത്രത്തിന്റെ ബജറ്റ് മൊത്തത്തിൽ 400 കോടി രൂപ കവിയുമെന്നാണ് റിപ്പോർട്ട്. രാം ചരണിനും ജൂനിയർ എൻടിആറിനും 45 കോടി രൂപയാണ് പ്രതിഫലം. അജയ് ദേവ്ഗൺ 25 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ഒമ്പത് കോടി രൂപയാണ് ആലിയ ഭട്ടിന്റെ പ്രതിഫലം. ചിത്രത്തിൽ നിന്ന് 30 ശതമാനം ലാഭവിഹിതമാണ് രാജമൗലി തിരഞ്ഞെടുത്തത് എന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
250 കോടി രൂപ ബജറ്റിലാണ് 'ബാഹുബലി: ദി കൺക്ലൂഷൻ' നിർമ്മിച്ചത്. ചിത്രത്തിനായി രാജമൗലി 28 കോടി രൂപ വാങ്ങിയപ്പോൾ, പ്രഭാസ് 25 കോടി രൂപയും റാണ ദഗുബാട്ടിക്ക് 15 കോടി രൂപയും പ്രതിഫലം വാങ്ങി. 2020 ജൂലൈയിലാണ് 'ആർആർആർ' റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോൾ മാർച്ച് 25 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
Story Highlights: RRR budget surpasses Bahubali; Ticket prices are likely to increase further