'അല്ലു ആരാധകർക്ക് അത്തരമൊരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല'; പുഷ്പ മലയാളം പതിപ്പ് വൈകിയതിനെക്കുറിച്ച് റസൂൽ പൂക്കുട്ടി
ട്വിറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.
17 Dec 2021 4:52 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അർജുൻ നായകനാകുന്ന ചിത്രം പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസ് വൈകുമെന്ന വാർത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി. സോഫ്റ്റ്വെയറിലെ ഒരു ബഗ് മൂലം പ്രിന്റിൽ തകരാർ സംഭവിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.
'മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്റിൽ തകരാർ കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്റെയും രശ്മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്', റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു.
മറ്റ് ഭാഷകളിൽ ചിത്രം ഇന്ന് റിലീസ് ചെയ്യുമ്പോൾ മലയാളത്തിൽ മാത്രം സിനിമ എത്താൻ ഒരു ദിവസം വൈകും. രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു. മൊട്ടയടിച്ച ഗംഭീര മേക്കോവറിലെത്തിയ താരത്തിന്റെ അഭിനയം കാണാനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്.