'മിന്നൽ ഷിബു' കമൽഹാസൻ ചിത്രം വിക്രമിൽ?
നേരത്തെ ബറോസിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു.
30 Dec 2021 11:04 AM GMT
ഫിൽമി റിപ്പോർട്ടർ

മിന്നൽ മുരളിയുടെ റിലീസിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് വില്ലൻ ഷിബു. ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ കഥാപത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഗുരു സോമസുന്ദരം കമൽഹാസൻ ചിത്രം വിക്രമിൽ അഭിനയിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
വിക്രമിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാകും ഗുരു സോമസുന്ദരം അവതരിപ്പിക്കുക എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.
നേരത്തെ മോഹന്‍ലാൽ ആദ്യമായി സംവിധാന രംഗത്തേക്കിറങ്ങുന്ന ബറോസിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം തന്നെയാണ് പറഞ്ഞത്.
"ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, 'ബറോസി'ല്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം, എന്ന് അദ്ദേഹം പറഞ്ഞു" എന്നും ഗുരു സോമസുന്ദരം പറയുന്നു.
ത്യാഗരാജൻ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ആരണ്യകാണ്ഡ'ത്തിലൂടെയാണ് ഗുരു സോമസുന്ദരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ 2013ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രമായ '5 സുന്ദരികള്‍' ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 'കോഹിനൂരി'ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.