Top

'പറയപ്പെടേണ്ട,കേൾക്കപ്പെടേണ്ട കഥ'; പ്രതീക്ഷ പങ്കുവച്ച് മുരളി ഗോപി, 'റോക്കറ്ററി' നാളെ മുതൽ

12 ഭാഷകളിലാണ് ചിത്രത്തിൻ്റെ റിലീസ്.

30 Jun 2022 7:10 AM GMT
ഫിൽമി റിപ്പോർട്ടർ

പറയപ്പെടേണ്ട,കേൾക്കപ്പെടേണ്ട കഥ; പ്രതീക്ഷ പങ്കുവച്ച് മുരളി ഗോപി, റോക്കറ്ററി നാളെ മുതൽ
X

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആർ മാധവൻ കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'റോക്കറ്ററി ദി നമ്പി എഫക്റ്റ്' നാളെ(ജൂലൈ 1) മുതൽ ലോകവ്യാപകമായി തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

ഭരണ-സാമൂഹിക വ്യവസ്ഥിതി ഒരുമിച്ച് ഒരു മനുഷ്യന് നേരെ തിരിഞ്ഞാൽ എന്തൊക്കെ സംഭവിക്കാം എന്നതാണ് നമ്പി നാരായണന്റെ ജീവിതം. പറയപ്പെടേണ്ട, കേൾക്കപ്പെടേണ്ട കഥയാണിതെന്നും, ബയോപ്പിക്കുകളുടെ ഒഴുക്കിൽ ചിത്രം വ്യത്യസ്തമാകട്ടെ എന്ന പ്രതീക്ഷയുമാണ് മുരളി ഗോപി പങ്കുവയ്ക്കുന്നത്.

"ഭരണ-സാമൂഹിക വ്യവസ്ഥിതി മൊത്തമായി ഒത്തുചേർന്ന് ഒരു മനുഷ്യന് നേരെ തിരിഞ്ഞാൽ എന്തൊക്കെ സംഭവിക്കാം എന്നതിന്റെ ഒരുത്തമ ദൃഷ്ടാന്തമാണ് ശ്രി.നമ്പി നാരായണന്റെ ജീവിതയാനം. അതിതീവ്രവും അതിസാഹസികവുമായ അതിജീവനത്തിന്റെ ഒരു കഥയുണ്ടതിൽ. പറയപ്പെടേണ്ട,കേൾക്കപ്പെടേണ്ട ഒരു കഥ. ബയോപ്പിക്കുകളുടെ മടുപ്പിക്കുന്ന ആരതിയുഴിയലിനപ്പുറം ഉയർന്ന്, അതിപ്രധാനമായ ഒരു ദൃശ്യ-ശ്രവ്യ രേഖപ്പെടുത്തൽ ഈ സിനിമ സമ്മാനിക്കും എന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നു," നടൻ എഴുതി.

വ്യാജ ചാരക്കേസിൽ കുടുങ്ങിപ്പോയ പ്രശസ്ത ISRO ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതത്തിലെ സംഭവബഹുലമായ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നാലുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിൽ സഹ സംവിധായകനാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്- ബിജിത്ത് ബാല, സംഗീതം- സാം സി എസ്, പിആര്‍ഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്ന പ്രത്യേകതയുമുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യ ആണ് അവതരിപ്പിക്കുന്നത്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസ് ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സ് ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27 ഇൻവെസ്റ്റ്‌മെന്റ്സ് എന്നിവയുടെ ബാനറിലാണ് റോക്കറ്ററി ദി നമ്പി ഇഫക്റ്റിന്റെ നിർമ്മാണം.

Story highlights: 'Rocketry The Nambi Effect' in theatres from tomorrow

Next Story

Popular Stories