Top

'പുഷ്പ' ഒടിടി റിലീസിന്; പ്രഖ്യാപനവുമായി ആമസോണ്‍

തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും

5 Jan 2022 11:26 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ ഒടിടി റിലീസിന്; പ്രഖ്യാപനവുമായി ആമസോണ്‍
X

അല്ലു അര്‍ജുന്‍ നായകനായ ചിത്രം പുഷ്പ ഒടിടി റിലീസിന്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 7 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ട്രീം ചെയ്യും. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. നേരത്തെ സ്ട്രീമിങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ആമസോണിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്‌പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്.

വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടി പുഷ്പ നേടി. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുന്നത്.

Next Story