Top

'കെജിഎഫ് എങ്ങനെയാണ് പുഷ്പയെ ബാധിക്കുക?' തിരക്കഥയിൽ മാറ്റമില്ലെന്ന് നിർമ്മാതാവ്

'ഞങ്ങളുടെ കൈവശം ഹൈ വോൾടേജ് തിരക്കഥയുണ്ട്. പിന്നെ ഞങ്ങൾ എന്തിന് അതിൽ മാറ്റങ്ങൾ വരുത്തണം'

3 May 2022 5:13 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് എങ്ങനെയാണ് പുഷ്പയെ ബാധിക്കുക? തിരക്കഥയിൽ മാറ്റമില്ലെന്ന് നിർമ്മാതാവ്
X

തെന്നിന്ത്യൻ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'വിന്റെ മികച്ച വിജയം ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം 'പുഷ്പ 2'വിന്റെ ചിത്രീകരണം അണിയറപ്രവർത്തകർ നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കെജിഎഫിനേക്കാൾ മുകളിൽ വിജയം കൈവരിക്കുന്ന തരത്തിൽ തിരക്കഥയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സിനിമ താൽകാലികമായി നിർത്തിയത് എന്നാണ് അഭ്യൂഹങ്ങൾ വന്നത്. ഇപ്പോഴിതാ വിഷയത്തിൽ പിങ്ക് വില്ലയോട് പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് വൈ രവി ശങ്കർ.

'ഒരിക്കലുമില്ല. കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? ഒരു മാറ്റവും വരുത്തുന്നില്ല. ഞങ്ങളുടെ കൈവശം ഹൈ വോൾടേജ് തിരക്കഥയുണ്ട്. പിന്നെ ഞങ്ങൾ എന്തിന് അതിൽ മാറ്റങ്ങൾ വരുത്തണം. ആദ്യഭാഗം ചിത്രീകരിച്ച അതേ സ്ഥലങ്ങളിൽ ആണ് ചിത്രീകരണം' അദ്ദേഹം പറഞ്ഞു.

ഹിന്ദിയിൽ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. എന്നാൽ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാ​ഗം സൗത്ത് ഇന്ത്യയിൽ തന്നെ ഒന്നാമതെത്തി. കെജിഎഫിന്റെ വിജയം, പുഷ്പ രണ്ടാം ഭാഗത്തെ വലിയ കാൻവാസിൽ ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. പുഷ്പ - 2നുവേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. കള്ളക്കടത്തുകാരൻ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

story highlights: why should kgf matter on Pushpa; producer says that there will be no change in the script

Next Story