Top

രാധേ ശ്യാം നിരാശപ്പെടുത്തി; പ്രഭാസ് ആരാധകന്‍ ജീവനൊടുക്കി

15 March 2022 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാധേ ശ്യാം നിരാശപ്പെടുത്തി; പ്രഭാസ് ആരാധകന്‍ ജീവനൊടുക്കി
X

കുര്‍ണൂല്‍: ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായെത്തിയ 'രാധേശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് ജീവനൊടുക്കിയത്. കാത്തിരുന്ന പ്രഭാസ് ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 11നായിരുന്നു ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ചിത്രം മോശമാണ് എന്ന് മാതാവിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ സീലിങ് ഫാനില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

എന്നാല്‍, അരാധകന്റെ മരണം സിനിമ പ്രേമികളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുര്‍ണൂലിലെ ദിവസ വേതന തൊഴിലാളിയാണ് ജീവനൊടുക്കിയ രവി തേജ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

Content Highlight: Prabhas's fan dies by suicide after Radhe Shyam garners negative reviews

Next Story