Top

'സലാർ' അപ്ഡേറ്റുകൾ ഒന്നും വരുന്നില്ല; ആത്മഹത്യ ഭീഷണിയുമായി പ്രഭാസ് ആരാധകൻ

ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം താൻ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകൻ കത്തിൽ പറയുന്നത്.

16 May 2022 1:44 PM GMT
ഫിൽമി റിപ്പോർട്ടർ

സലാർ അപ്ഡേറ്റുകൾ ഒന്നും വരുന്നില്ല; ആത്മഹത്യ ഭീഷണിയുമായി പ്രഭാസ് ആരാധകൻ
X

'ബാഹുബലി'യിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് ഒന്നിക്കുന്ന 'സലാർ' എന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയുമാണ്. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും വരുന്നില്ല എന്ന കാരണത്താൽ ഒരു പ്രഭാസ് ആരാധകൻ ആത്മഹത്യ ഭീഷണിയുമായി എത്തിയിരിക്കുകയാണ്. ആരാധകൻ പ്രശാന്ത് നീലിന് എഴുതിയ ആത്മഹത്യ ഭീഷണി കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സലാറിന്റെ ഗ്ലിംസിനെക്കുറിച്ചുള്ള അപ്ഡേറ്റ് ഉടൻ പുറത്തുവിടുമെന്നാണ് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും യാതൊരു അപ്ഡേറ്റുകളും വന്നിട്ടില്ല. സംവിധായകനോടും നിർമ്മാതാക്കളോടും ചോദിച്ച് തങ്ങൾക്ക് മടുത്തു. നേരത്തെ 'സാഹോ'യ്ക്കും 'രാധേ ശ്യാമി'നും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ല. ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം താൻ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകൻ കത്തിൽ പറയുന്നത്.


നേരത്തെ 'രാധേശ്യാം' നേരിട്ട പരാജയത്തെ തുടർന്ന് ഒരു പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് ജീവനൊടുക്കിയത്. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ചിത്രം മോശമാണ് എന്ന് മാതാവിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ സീലിങ് ഫാനില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം സലാർ അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സലാറിൽ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

story highlights: prabhas fan suicide threat to salaar makers

Next Story