Top

ശരവണന്‍ അരുള്‍- ഉര്‍വശി റൗട്ടേല ചിത്രം 'ദി ലെജന്‍ഡ്'; പോസ്റ്റര്‍ ലോഞ്ച് കാന്‍ ചലച്ചിത്ര മേളയില്‍

ഉര്‍വശി റൗട്ടേല തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ദി ലെജന്‍ഡ്

17 May 2022 10:59 AM GMT
ഫിൽമി റിപ്പോർട്ടർ

ശരവണന്‍ അരുള്‍- ഉര്‍വശി റൗട്ടേല ചിത്രം ദി ലെജന്‍ഡ്; പോസ്റ്റര്‍ ലോഞ്ച് കാന്‍ ചലച്ചിത്ര മേളയില്‍
X

ശരവണന്‍ അരുള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ദി ലെജന്‍ഡി'ന്റെ പോസ്റ്റര്‍ ലോഞ്ച് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. നടി ഉര്‍വശി റൗട്ടേല തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ദി ലെജന്‍ഡ്.

പ്രഭു, നാസര്‍, തമ്പി രാമൈഹ്, കോവൈ സരള തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജെറി, ജോസഫ് ഡി, സാമി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് പാട്ടുക്കോട്ടൈ പ്രഭാകരനാണ്. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

തമിഴില്‍ തന്റെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാനില്‍ 'ദി ലെജന്‍ഡ്' എന്ന സിനിമയുടെ പോസ്റ്ററിന്റെ ലോഞ്ചിന് ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും കാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഉര്‍വശി റൗട്ടേല പറഞ്ഞിരുന്നു.

ലോകേഷ് കനകരാജിന്റെ 'വിക്രം' ട്രെയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാ രഞ്ജിത്തിന്റെ വരാനിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫിലിം ഫെസ്റ്റിവലില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മാധവന്റെ വരാനിരിക്കുന്ന ചിത്രം 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും.

75ാമത് കാന്‍ ചലച്ചിത്ര മേള ഇന്ന് ആരംഭിച്ചു. പത്ത് ദിവസത്തെ മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ആറ് ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിന്‍സെന്റ് ലിന്‍ഡന്‍ ആണ് ജൂറി പ്രസിഡന്റ്. ദീപിക പദുകോണ്‍ കൂടാതെ സ്വീഡന്‍, അമേരിക്ക, നോര്‍വെ, ഇറ്റലി, ഇംഗ്ലണ്ട് സിനിമാമേഖലകളുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാണ് ജൂറി ടീം.

സംഗീത സംവിധായകര്‍ എ ആര്‍ റഹ്മാന്‍, റിക്കി കെജ് എന്നിവരും ഗായകന്‍ മമെ ഖാന്‍ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. താരങ്ങളില്‍ നിന്നും നവാസുദ്ദീന്‍ സിദ്ദിഖി, മധവന്‍, പൂജ ഹെഗ്‌ഡെ, നയന്‍താര, തമന്ന ഭാട്ടിയ, വാമി ത്രിപാഠി എന്നിവരും മേളയുടെ ഭാഗമാണ്. സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ട്. മേള 28ന് അവസാനിക്കും.

Story Highlights; Poster of film 'The Legend' to be unveiled at the Cannes Film Festival

Next Story