Top

തമിഴ്നാട്ടില്‍ 200 കോടി നേടുന്ന ആദ്യ ചിത്രം; റെക്കോർഡുകൾ തിരുത്തി 'പൊന്നിയിൻ സെൽവൻ'

ആഗോള തലത്തിൽ 435 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ.

17 Oct 2022 1:56 PM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ്നാട്ടില്‍ 200 കോടി നേടുന്ന ആദ്യ ചിത്രം; റെക്കോർഡുകൾ തിരുത്തി പൊന്നിയിൻ സെൽവൻ
X

മണിരത്‌നം ചിത്രം 'പൊന്നിയിൻ സെൽവൻ' ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്. കമൽ ഹാസൻ ചിത്രം വിക്രമിന്റെ കളക്ഷൻ മറികടന്ന് 202.70 കോടിയാണ് നേടിയത്. തമിഴ്നാട്ടിൽ നിന്ന് 200 കോടി നേടുന്ന ആദ്യ ചിത്രമായിരിക്കുകയാണ് പൊന്നിയിൻ സെൽവൻ.

ആഗോള തലത്തിൽ 435 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. ഈ വർഷം 400 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാം ചിത്രമാണ് പൊന്നിയിൻ സെൽവൻ. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' ആയിരുന്നു ഈ വർഷം 400 കോടി നേടിയ ആദ്യ തമിഴ് ചിത്രം.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എക്സ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.

story highlights: ponniyin selvan crossed 200 crores in tamilnadu boxoffice

Next Story

Popular Stories