ഉറപ്പിച്ചു, 'ഭീംല നായക്' 25ന് എത്തും
ഫെബ്രുവരി അവസാന വാരമോ ഏപ്രില്‍ ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്
16 Feb 2022 11:39 AM GMT
ഫിൽമി റിപ്പോർട്ടർ

അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പ് 'ഭീംല നായക്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 25ന് പ്രദര്‍ശത്തിനെത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് പലതവണയായി മാറ്റിയിരുന്നു. ഫെബ്രുവരി അവസാന വാരമോ ഏപ്രില്‍ ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ എന്ന കഥാപാത്രത്തെയാണ് ഭീംല നായകില്‍ പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കാഥാപാത്രമായാണ് നിത്യ മേനോന് എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ത്രിവിക്രം ശ്രീനിവാസന്റേതാണ് തിരക്കഥ.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്തത്. ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.
Story Highlights: Pawan Kalyan and Rana Daggubati's Bheemla Nayak to release on February 25