'ആ വാക്കുകള്‍ എന്റേതല്ല, അടിസ്ഥാനരഹിതമാണ്'; സാമന്ത-നാഗചൈതന്യ വാര്‍ത്തകളില്‍ പ്രതികരിച്ച് നാഗാര്‍ജുന
സാമന്തയാണ് ആദ്യം വിവാഹ മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്, നാഗചൈതന്യ അത് അംഗീകരിക്കുകയായിരുന്നുവെന്ന് നാഗാര്‍ജുന പറഞ്ഞതായാണ് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നത്
27 Jan 2022 3:24 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹമോചനത്തെ തുടര്‍ന്ന് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നാഗാര്‍ജുന. വിവാഹ മോചനത്തെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന് പറഞ്ഞ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം.
'സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും സാമന്തയുടെ നാഗചൈതന്യയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അസംബന്ധവുമാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു'.- എന്ന് നാഗാര്‍ജുന ട്വീറ്റ് ചെയ്തു.
'2021ന് ശേഷമാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. സാമന്തയാണ് ആദ്യം വിവാഹ മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. നാഗചൈതന്യ അത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ നാഗചൈതന്യ നാഗാര്ജുന്ന എന്ത് വിചാരിക്കും എന്നതിനെക്കുറിച്ച് ആശങ്കയിലായിരുന്നു'. എന്ന് നാഗാര്‍ജുന പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
നിരവധി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വേര് പിരിഞ്ഞത്. തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണമാണ് താരം നേരിട്ടത്. വിവാഹ മോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ തങ്ങളുടെ നിരാശയെ ചൂഷണം ചെയ്യുകയാണെന്നും വിവാഹ മോചനം അത്യന്തം വേദനാജനകമാണെന്നും സാമന്ത വ്യക്തമാക്കിയിരിക്കുന്നു.