Top

'ബോളിവുഡ്- തെന്നിന്ത്യൻ സിനിമ എന്ന വേർതിരിവ് വിഡ്ഢിത്തം'; ഒരേ രാജ്യമെന്ന് നാനി

'രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോഴാണ് പാൻ ഇന്ത്യൻ സിനിമ ആകുന്നത്. അല്ലാതെ എല്ലായിടങ്ങളിലും റിലീസ് ചെയ്തു എന്നത് കൊണ്ടല്ല'

14 Jun 2022 9:37 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ്- തെന്നിന്ത്യൻ സിനിമ എന്ന വേർതിരിവ് വിഡ്ഢിത്തം; ഒരേ രാജ്യമെന്ന് നാനി
X

ഇന്ത്യൻ സിനിമയിലെ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേർതിരിവുകൾ വിഡ്ഢിത്തം എന്ന് നടൻ നാനി. സിനിമയാണ് വിജയിക്കുന്നത്, ഇത്തരം വേർതിരിവുകൾക്ക് അടിസ്ഥാനമില്ല. പല ഭാഷകൾ ആണെകിലും ഒരേ രാജ്യമാണ് എന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു.

'ഈ വേർതിരിവ് വിഡ്ഢിത്തം ആണ്. എന്താണ് സംഭവിക്കുന്നത് എങ്കിലും സിനിമയാണ് വിജയിക്കുന്നത്. നമ്മൾ സ്വയമേ ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിങ്ങനെ പേരിടുന്നു. ഈ പേരുകൾ ഹോളിവുഡിൽ നിന്നും കടമെടുത്തതാണ്. നമ്മൾ സ്വയം വ്യത്യസ്ത ഇന്ഡസ്ട്രികൾ എന്ന് പറയുന്നത് എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. ഭാഷകൾ പലതാണെങ്കിലും നമ്മൾ ഒരേ രാജ്യമാണ്' നാനി പറഞ്ഞു.

രാജ്യം എമ്പാടും ഒരേപോലെ സ്വീകാര്യത ലഭിക്കുന്ന സിനിമകളെയാണ് പാൻ ഇന്ത്യൻ സിനിമ എന്ന് വിളിക്കേണ്ടത് എന്നും നാനി പറഞ്ഞു. 'ഒരു സിനിമ ആകാംഷ ഉള്ളതാകുമ്പോൾ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടും. അപ്പോഴാണ് അത് ഒരു പാൻ ഇന്ത്യൻ സിനിമ ആകുന്നത്. അല്ലാതെ എല്ലായിടങ്ങളിലും റിലീസ് ചെയ്തു എന്നത് കൊണ്ടല്ല. രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഒരുപോലെ ഇഷ്ടപെടുന്ന മികച്ച സിനിമകൾ ഒരുക്കുവാനാണ് നമ്മൾ ശ്രമിക്കേണ്ടത്' നാനി വ്യക്തമാക്കി.

'അണ്ടേ സുന്ദരനികി' എന്ന സിനിമയാണ് നാനിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നസ്രിയ നായികയായ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.

നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണി, നദിയ മൊയ്‌തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.

story highlights:naani says that north south movie debate is stupid

Next Story