Top

'ബീസ്റ്റ് യുവാക്കൾക്കിടയിൽ മുസ്ലീം വിരുദ്ധത സൃഷ്ടിക്കും'; പ്രതികരണവുമായി എംഎച്ച് ജവഹറുള്ള

ബീസ്റ്റിനെ പ്രേക്ഷകർ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

19 April 2022 8:18 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റ് യുവാക്കൾക്കിടയിൽ മുസ്ലീം വിരുദ്ധത സൃഷ്ടിക്കും; പ്രതികരണവുമായി എംഎച്ച് ജവഹറുള്ള
X

വിജയ് നായകനായ ചിത്രം 'ബീസ്റ്റ്' നിരോധിക്കണമെന്ന് മനിതേയ മക്കള്‍ കട്ചി പാർട്ടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യമുന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള. സിനിമ യുവാക്കൾക്കിടയിൽ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും എന്നതിനാലാണ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. ദി ഹിന്ദുവിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാൻ ബീസ്റ്റ് കണ്ടിട്ടില്ല. എന്നാൽ എന്റെ പാർട്ടിയിലെ പല അംഗങ്ങളും സിനിമ കാണുകയും എന്നോട് കഥ പറയുകയും ചെയ്തു. സിനിമ എന്നത് അതിശക്തമായ ഒരു മാധ്യമമാണ്. അതിന് സമൂഹത്തിൽ നല്ലതും മോശമായാമതുമായ രീതിയിൽ സ്വാധീനം ചിലത്താൻ സാധിക്കും. ഈ സിനിമ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു. ഇത് യുവാക്കളിൽ ഒരു മുസ്ലീം വിരുദ്ധ മനോഭാവമുണ്ടാക്കും' അദ്ദേഹം പറഞ്ഞു. ബീസ്റ്റിനെ പ്രേക്ഷകർ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. 'ഡോക്ടറി'ന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷൻ തന്നെ ലഭിക്കുന്നുണ്ട്. ചിത്രം ഇതിനകം 150 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു കഴിഞ്ഞു.

ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയും സാധാരണക്കാരെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടർന്ന് അവരെ രക്ഷിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. പൂജ ഹെഗ്‌ഡെ ആണ് സിനിമയിലെ നായിക. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

story highlights: mh jawaharulla says that beast will sow anti-muslim sentiment in the minds of young people

Next Story