പിതൃത്വ അവകാശക്കേസ്; ധനുഷിന് ഹൈക്കോടതി നോട്ടീസ്
മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
28 April 2022 4:35 AM GMT
ജോയേല്‍ സ്റ്റാലിന്

പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിന്മേലാണ് കോടതി നോട്ടീസ് അയച്ചത്. മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ധനുഷ് തന്റെ ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ സമർപ്പിച്ചിരുന്നു. ഈ രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് കതിരേശൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജി കോടതിയെ തള്ളുകയും തുടർന്ന് കതിരേശൻ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശൻ പരാതിയിൽ ആരോപിക്കുന്നത്. തന്റെ പിതാവ് കസ്തുരിരാജനാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് സമർപ്പിച്ചത്. ഈ രേഖകളുടെ ആധികാരികത കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് മുന്നേ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാരോപിച്ചായിരുന്നു കതിരേശൻ അപ്പീൽ നൽകിയത്.
story highlights: madhurai high court orders notice to actor dhanush