Top

'ഞാന്‍ ഇത് അര്‍ഹിക്കുന്നു': ചൊവ്വാ ദൗത്യം പഞ്ചാംഗം നോക്കിയെന്ന പരാമര്‍ശത്തില്‍ മാധവന്‍

26 Jun 2022 4:41 PM GMT
ഫിൽമി റിപ്പോർട്ടർ

ഞാന്‍ ഇത് അര്‍ഹിക്കുന്നു: ചൊവ്വാ ദൗത്യം പഞ്ചാംഗം നോക്കിയെന്ന പരാമര്‍ശത്തില്‍ മാധവന്‍
X

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജര്‍ പഞ്ചാംഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചത് എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ മാധവന്‍. പഞ്ചഭൂതത്തെയാണ് തമിഴില്‍ പഞ്ചാഗ് എന്ന വിശേഷിപ്പിച്ചതെന്ന് താരം പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായിരുന്നത്. തന്റെ അറിവില്ലായ്മയാണിതെന്നും ഇതിന് താന്‍ അര്‍ഹനാണെന്നും നടന്‍ ട്വീറ്റ് ചെയ്തു.

'പഞ്ചഭൂതത്തെ തമിഴില്‍ പംഞ്ചാഗ് എന്നു വിളിച്ച ഞാന്‍ ഇതിന് അര്‍ഹനാണ്. എന്റെ അറിവില്ലായ്മയാണ്. ചൊവ്വാ ദൗത്യം കൈവരിച്ചത് വെറും 2 എഞ്ചിനുകള്‍ കൊണ്ടാണെന്ന സത്യം എടുത്തുകളയാന്‍ കഴിയില്ല. അത് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ്. വികാസ് എഞ്ചിന്‍ ഒരു റോക്ക്സ്റ്റാര്‍ ആണ്' - മാധവന്‍ ട്വീറ്റ് ചെയ്തു.

'സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള റോക്കറ്റിന് അത്ര ഉയരത്തില്‍ പോകാന്‍ കഴിയില്ല. സൂര്യന്‍ എവിടെയാണ്, ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എത്ര തുടങ്ങിയ കാര്യങ്ങള്‍ പഞ്ചാംഗത്തിലുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് 2014ല്‍ കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായി. നമ്മുടെ റോക്കറ്റ് ഭൂമിയെ ചുറ്റി, ചന്ദ്രനെ ചുറ്റി, വ്യാഴത്തിന്റെ ഉപഗ്രഹത്തെ ചുറ്റി അങ്ങനെ പലയിടത്ത് നിന്നുമുള്ള ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് ചൊവ്വയിലെത്തുകയായിരുന്നു,' എന്നാണ് വീഡിയോയില്‍ മാധവന്‍ പറഞ്ഞിരുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും ശക്തമായി. ശാസ്ത്രഞ്ജന്‍മാരുടെ നേട്ടങ്ങളെ വിമര്‍ശിക്കുന്നതാണ് മാധവന്റെ പരാമര്‍ശമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ചൊവ്വ ദൗത്യത്തില്‍ പഞ്ചാംഗം പ്രധാന പങ്കുവഹിക്കുമ്പോള്‍, ഇതുപോലെ വിലപ്പെട്ട വിവരങ്ങള്‍ എസ്ആര്‍ഒ അവരുടെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കാത്തത് നിരാശകരമാണെന്നും തരത്തിലുള്ള ട്രോളുകള്‍ ഉണ്ടായി. നടനെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.

Story Highlights; Madhavan explains reference isro scientists launch rocket with the help of panchangam

Next Story